പതിരിനെ പിന്തുടരാൻ

Tuesday, May 26, 2020

പൊട്ട്


"എനിക്ക് പൊട്ട് തൊട്ട കുട്ടികളെയാണ് ഇഷ്ടം"..

സ്കൂൾ തുറന്ന പുതുക്കത്തിൽ കുട്ടികളെ പരിചയപ്പെടുകയായിരുന്നു ആനി ടീച്ചർ.  ഒരു പിരിയഡിലെ മുക്കാൽ ഭാഗവും നഷ്ടപ്പെടുത്തി ഓരോരുത്തരായി പേരും നാടും നാളും പറഞ്ഞ് പരിചയപ്പെടുന്ന പഴയ രീതിയോട് ടീച്ചർക്ക് താൽപര്യമില്ലാത്തതുകൊണ്ട്, ക്ലാസിലേക്ക് കയറി വന്ന് എല്ലാവരെയും നോക്കി മധുരമായി പുഞ്ചിരിച്ച് എല്ലാവരെയും ഒരു റൌണ്ട് നോക്കി അവരുടെ സുഖവിവരങ്ങൾ അന്വേഷിച്ച്.. അങ്ങനെയങ്ങനെ ആരും ആകൃഷ്ടരായിപ്പോവുന്ന, ഏതൊരു വിദ്യാർത്ഥിയും ആശിച്ചുപോവുന്ന ഒരു സ്വഭാവത്തിനുടമയായിരുന്നു അവർ.  അതിനിടയിൽ കുട്ടികളിൽ ഏതെങ്കിലും രണ്ടുമൂന്ന് പേരോട് വിശേഷങ്ങളും കുശലങ്ങളും ചോദിച്ച് കൂടുതൽ ദൃഢതയുള്ള ഒരു പരിചയപ്പെടലാണ് ടീച്ചറുടെ രീതി.

ഒരു പിരീയഡിൽ വെറുതെ ചോദിച്ചെന്ന് വരുത്തുന്ന രീതിയിലുള്ള പരിചയപ്പെടലിന് ഒരു ദിവസത്തെ പോലും ആയുസ്സില്ലെന്നിരിക്കെ, ഇതുപോലത്തെ പരിചയപ്പെടൽ മൂലം കുട്ടികളുമായി മാനസികമായ അടുപ്പമുണ്ടാക്കാനും അവരുമായുള്ള ഇന്ററാക്ഷൻ എളുപ്പക്കാനും സഹായിക്കും എന്നതു തന്നെയാണ് ടീച്ചറുടെ പക്ഷം.  ഇത്ര കാലം കണ്ട് പരിചയിച്ച ബോറൻ പരിചയപ്പെടലിന് പുതിയൊരു രീതി അവതരിപ്പിച്ചതുകൊണ്ടും, അതിലുപരി എല്ലാ കുട്ടികളുമായും ഒരു തരത്തിലുള്ള വേർതിരിവും പ്രത്യക്ഷത്തിൽ പ്രകടിപ്പിച്ചിട്ടില്ലാത്തതുകൊണ്ടും, കുട്ടികൾ അവരുടെ മനസ്സിൽ ആനി ടീച്ചർക്ക് ഉയർന്ന സ്ഥാനം കൊടുത്തിരുന്നു.

അങ്ങനെയൊരു കുട്ടിയെ പരിചയപ്പെടുന്നതിനിടയിലാണ് ഈ അഭിപ്രായം പറഞ്ഞത് - എനിക്ക് പൊട്ടുതൊട്ട കുട്ടികളെയാണ് ഇഷ്ടം..

അത് കേട്ട നിമിഷം പലരുടെയും മനസ്സിൽ ടീച്ചർക്കുള്ള സ്ഥാനത്തിന് വ്യതിചലനമുണ്ടായി - മുകളിലേക്കും, താഴേക്കും.  എങ്കിലും ചിലരുടെയെങ്കിലും മനസ്സിൽ തോന്നി; ക്രിസ്ത്യനായ ആനി ടീച്ചർ ഇത് പറയണമെങ്കിൽ അതിലെന്തോ കാര്യമുണ്ട്.  ആനി ടീച്ചർക്ക് മാത്രം ഉത്തരമറിയാവുന്ന എന്തോ ഒന്ന്.

പ്രശ്നം അതല്ലായിരുന്നു പക്ഷേ..  അതേ ക്ലാസിലെ ഷഹാന സ്കൂൾ വിട്ട് വീട്ടിൽ പോയപ്പോൾ ഇക്കാര്യം പറഞ്ഞു; "ഇപ്പാ, ഞങ്ങളെ ആനി ടീച്ചറ് പറയ്വാട്ടോ, ടീച്ചർക്ക് പൊട്ടുതൊട്ട കുട്ട്യോളെയാത്രേ ഇഷ്ടം"..!!

അവളുടെ ഉപ്പ ഹസ്സൻ ഇത് കേട്ടപാതി കേൾക്കാത്ത പാതി വായിച്ചുകൊണ്ടിരുന്ന പേപ്പർ പെട്ടെന്ന് മടക്കിക്കൊണ്ട് ഉയർന്നുപൊന്തിയ തന്റെ ഉള്ളിലെവിടെയോ ഉറങ്ങിക്കിടന്ന മതവികാരത്തെ തൽക്കാലത്തേക്ക് അടക്കിപ്പിടിച്ചുകൊണ്ട് പറഞ്ഞു; "ആരാടീ ഓള്ഇനിക്കൊന്ന് കാണണല്ലോ ഓളെ.  കുട്ട്യോള് പൊട്ട് തൊട്ട് വന്നാലേ ഓള് പഠിപ്പിക്ക്യൊള്ളൂന്ന് ഇനിക്കൊന്ന് ചോയ്ക്കണം. നാളെ ഞാനങ്ങട്ട് വര്ണ്‌ണ്ട്"..  ഉപ്പയുടെ ഭാവം കണ്ട് ഷഹാന ആകെ പേടിച്ചു.  അവൾ പറഞ്ഞു; “അല്ലപ്പാ അതങ്ങനല്ല..”. – അവളുടെ വാക്കുകൾ മുറിഞ്ഞു.  പറയാനുള്ള വിശേഷങ്ങൾ അവൾ മുഴുമിച്ചിട്ടില്ലായിരുന്നു.

വൈകുന്നേരത്തെ അങ്ങാടി സന്ദർശനം ഉപ്പയുടെ ദിനചര്യയായിരുന്നു.  വീട്ടിലേക്കുള്ള അവശ്യസാധനങ്ങൾ വാങ്ങുക, നാട്ടുവിശേഷങ്ങൾ അറിയുക കൂട്ടത്തിൽ നാട്ടിലെ കൂട്ടുകാരുമായി അൽപ സമയം ചിലവഴിക്കുക എന്നതൊക്കെയാണ് ലക്ഷ്യം.  പക്ഷേ അന്നത്തെ സന്ദർശനത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു ഉപ്പയെ സംബന്ധിച്ചിടത്തോളം.  എന്നും നാട്ടുകാരിൽ നിന്ന് വിശേഷങ്ങൾ അറിഞ്ഞിരുന്ന ഉപ്പാക്ക് അന്ന് നാട്ടുകാരോട് പറയാൻ ഒരു വിശേഷം കിട്ടിയിട്ടുണ്ട്.  അതുകൊണ്ടുതന്നെ അന്ന് പതിവിലും നേരത്തെ അങ്ങാടിയിലേക്കിറങ്ങി.  മോള് പറഞ്ഞറിഞ്ഞ സ്കൂളിലെ വിശേഷം താൻ മനസിലാക്കിയതുപോലെ തന്നെ നാട്ടുകാരോടെല്ലാം അവതരിപ്പിച്ചു.  തന്റെ മനസ്സിൽ ഉയർന്നുവന്ന മതവികാരം നാട്ടുകാർക്കും അതുപോലെയോ കൂടിയ തോതിലോ ഉയർന്നുവന്നു.  വിശേഷം അറിയിച്ചവരുമായി സംസാരിച്ച് പിരിയുമ്പോൾ ഏറ്റവും അടുത്ത ചിലരോട് പറഞ്ഞു; “നാളെ ഞാനോളെ ഇസ്കൂള്ക്കൊന്ന് പോണ്‌ണ്ട് ഇത് ചോയ്ക്കാന്.  ഓളെക്കൊണ്ട് ഞമ്മക്ക് കുട്ട്യോളെ പൊട്ട് തൊടീക്കാ”.  കേട്ട കൂട്ടുകാരും ശരിയെന്ന് പറഞ്ഞു.

പിറ്റേന്ന് രാവിലെ മോൾ റെഡിയാവുന്നതിന് മുമ്പേ ഉപ്പ റെഡിയായി നിന്നിരുന്നു - വിദ്യാർത്ഥിനിയേക്കാൾ രക്ഷിതാവിനായിരുന്നു സ്കൂളിൽ പോവാൻ തിടുക്കം.  ഷഹാനയും റെഡിയായി വന്നു, രണ്ടുപേരും ഒരുമിച്ച് സ്കൂളിലേക്ക് നടന്നു.  നടക്കാൻ പോവുന്നത് എന്താണെന്നൊരു എത്തും പിടിയുമില്ലാതെ ആകെയൊരു ആധിയായിരുന്നു അവളുടെ മനസ്സിൽ.

സ്കൂളെത്തി നേരെ എച്ച്.എമ്മിന്റെ റൂമിൽ ചെന്ന് ഉപ്പ പറഞ്ഞു; “ആനി ടീച്ചറെ വിളിക്കിം. ഇനിക്കൊന്ന് കാണണം.  ഭാവം കണ്ട് പന്തിയല്ലെന്ന് തോന്നിയ എച്ച്.എം ഉപ്പയോട് ചോദിച്ചു; “എന്താ പ്രശ്നം?”.  ഉപ്പ ചോദിച്ചു; “പ്രശ്നം പറഞ്ഞാലേ ങ്ങള് വിളിക്ക്വൊള്ളൂ?”.  എച്ച്.എം പറഞ്ഞു; “അതല്ല, കാര്യം എന്താണെന്ന് ഞാൻ കൂടെ അറിയണമല്ലോ.  അതിനാണ്”.  ഉപ്പ പറഞ്ഞു; “ഓള്ക്ക് പൊട്ട് തൊട്ട കുട്ട്യോളെ മാത്രേ പഠിപ്പിക്കാൻ പറ്റ്വൊള്ളൂ?”.  എച്ച്.എം ഇത് കേട്ട് ഞെട്ടി.  പ്രശ്നത്തിന്റെ പോക്ക് സുഗമമല്ലെന്ന് മനസിലാക്കി, ബെല്ലടിക്കാൻ വന്ന പ്യൂൺ സുബിനോട് ടീച്ചറെ വിളിക്കാൻ ആവശ്യപ്പെട്ടു.  ശേഷം ഉപ്പയോട് ശാന്തനായി പറഞ്ഞു; “നിങ്ങൾ കാര്യം വ്യക്തമായി പറയൂ.”.  ഉപ്പ പറഞ്ഞു; “ന്റെ കുട്ടി പറഞ്ഞല്ലോ ഇന്നലെ ടീച്ചറ് ക്ലാസിൽ അങ്ങനെ പറഞ്ഞൂന്ന്”.  എച്ച്.എം പറഞ്ഞു; “നിങ്ങള് മോളെ വിളിക്കൂ”. 

സ്റ്റാഫ് റൂമിൽ എന്നത്തെയും പോലെ പതിവ് പുഞ്ചിരിയുമായി ആനി ടീച്ചർ ഹാജരായിരുന്നു.  എച്ച്.എമ്മിന്റെ റൂമിൽ പോയി ഒപ്പിട്ട് വന്ന് ബാഗെല്ലാം മേശമേൽ ഒതുക്കിവച്ച് ചാർജ്ജുള്ള ക്ലാസിന്റെ രജിസ്റ്റർ മറിച്ചുനോക്കി മുമ്പത്തെ ദിവസങ്ങളിൽ ആബ്സൻഡായ കുട്ടികളുടെ പേരും വിവരങ്ങളും നോക്കുകയായിരുന്നു.  അപ്പോഴാണ് പ്യൂൺ സുബിൻ വന്ന് പറയുന്നത്; “ആനി ടീച്ചറേ, ഹെഡ്മാഷ് വിളിക്കുന്നു.  ടീച്ചർ സംശയത്തോടെ പ്യൂണിനെയും മറ്റു ടീച്ചേഴ്സിനെയും നോക്കി.  ഇപ്പൊ ഒപ്പിട്ട് വന്നല്ലേയുള്ളൂ.  ഇതിപ്പൊ എന്താണാവോ – ടീച്ചർ കരുതി.  ഹെഡ്മാഷിന്റെ റൂമിലേക്ക് നടന്നു.

പുറത്ത് നിന്നിരുന്ന ഷഹാന വാതിൽക്കൽ വന്ന് അനുവാദം ചോദിച്ചു; “സർ, മേ ഐ കം ഇൻ?”.  എച്ച്.എം വരാൻ ആംഗ്യം കാണിച്ചുകൊണ്ട് ചോദിച്ചു; “എന്താ മോളെ ഉപ്പ പറയുന്നത്?  മോള് എന്താ ഉപ്പയോട് പറഞ്ഞത്?  എന്താ ഇന്നലെ ക്ലാസിലുണ്ടായത്?”.  ഷഹാന പറഞ്ഞു; “ഉപ്പ പറഞ്ഞത് ശരിയാ.  ഇന്നലെ ടീച്ചർ ക്ലാസിൽ പറഞ്ഞതാ, പൊട്ടു തൊട്ട കുട്ട്യോളെയാണ് ഇഷ്ടംന്ന്”.  എച്ച്.എമ്മിന് വീണ്ടും കൺഫ്യൂഷൻ.

അപ്പോഴാണ് ആനി ടീച്ചർ വന്നത്; “എക്സ്ക്യൂസ്മീ സർ”.  എച്ച്.എം പറഞ്ഞു; “ആ.. ആനി ടീച്ചറേ വരൂ”.  കയറി വരുന്നതിനിടക്ക് ഷഹാനയെ കണ്ടപ്പോൾ പരിചയം കൊണ്ട് അവളെ നോക്കി പ്രസന്നമായി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു; “ആഹാ ഇതാരാ ഷഹാനയോ? എന്താ മോളേ ഇവിടെ? ഇത് ഉപ്പയാണോ?”.എന്നിട്ട് ഉപ്പയെ നോക്കി;എച്ച്.എമ്മിനെ പരിചയപ്പെടാൻ വന്നതായിരിക്കും ല്ലേ?”.  ടീച്ചറുടെ കുശലം ഉപ്പാക്ക് അത്ര പിടിച്ചില്ല.  ഉപ്പ പറഞ്ഞു; “ഇജ്ജാണ് ആനി?.  അനക്ക് പൊട്ട് തൊട്ടോരെല്ലേ ഇഷ്ടംന്ന് പറഞ്ഞത്?  ന്ന്ട്ട് ഇജ്ജെന്തിനാപ്പൊ ഇന്റെ മോളോട് കൊഞ്ചാൻ നിക്ക്ണ്?”.  ആനി ടീച്ചർ മറുപടി കേട്ട പാടെ സ്തബ്ധയായി.  എച്ച്.എം ഇടപെട്ടുകൊണ്ട് പറഞ്ഞു; “നിങ്ങൾ ക്ഷമിക്കൂ.  ടീച്ചർ വന്നല്ലോ.  നമുക്ക് ശാന്തമായി ചോദിക്കാം”.  എന്താണ് കാര്യമെന്ന രൂപത്തിൽ ടീച്ചർ എച്ച്.എമ്മിനെ നോക്കി.  എച്ച്.എം പറഞ്ഞു; “ടീച്ചറേ, ഒരു മിസണ്ടർസ്റ്റാൻഡിംഗ് ആണെന്ന് തോന്നുന്നു.  അല്ലെന്ന് വിശ്വസിക്കാൻ എനിക്ക് കഴിയില്ല.  എനിക്കെന്നല്ല, ടീച്ചറെ അറിയുന്ന ആർക്കും”.  ടീച്ചർ വീണ്ടും പ്രശ്നത്തിൻ്റെ പോക്ക് മനസിലായില്ലെന്ന രൂപത്തിൽ എച്ച്.എമ്മിനെയും, ഷഹാനയെയും, അവളുടെ ഉപ്പയെയും മാറി മാറി നോക്കുകയാണ്.

എച്ച്.എം തുടർന്നു; “ടീച്ചർക്ക് പൊട്ടുതൊട്ട കുട്ടികളെയാണ് ഇഷ്ടമെന്ന് ക്ലാസിൽ പറഞ്ഞു എന്ന് ഷഹാന വീട്ടിൽ പോയി പറഞ്ഞുവത്രെ.  ഷഹാനയുടെ ഉപ്പ പറഞ്ഞ കാര്യം ശരിയാണോ?”.  ടീച്ചർ നിഷ്കളങ്കമായി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു; “അതെ മാഷേ, എനിക്ക് പൊട്ടുതൊട്ട കുട്ടികളെയാണ് ഇഷ്ടം”.  എച്ച്.എമ്മും, അതിലുപരി ഉപ്പയും കണ്ണ് മിഴിച്ചു.  അവരുടെ മുഖഭാവം കണ്ട് ടീച്ചറുടെ മുഖത്തെ ചിരി മാഞ്ഞു.  ഉപ്പ പറഞ്ഞു; “മാഷേ, ഞാനും ന്റെ കുട്ടീം ബടെ നിക്കുമ്പത്തന്നെ ഇങ്ങളോടും ങ്ങനൊക്കെ പറഞ്ഞെങ്കി ഓളെ മനസ്സിലെന്താന്ന് ഇനിക്ക് തിരിഞ്ഞ്ക്ക്ണ്”.

എച്ച്.എം ഞെട്ടലിൽ നിന്ന് മോചിതനായി ശാന്തനായി ചോദിച്ചു; “ടീച്ചറ് വ്യക്തമായി പറയൂ.  എനിക്കൊന്നും മനസിലായില്ല”.  ആനി ടീച്ചർ പറഞ്ഞു; “അത് മാഷേ, ഞാൻ ക്ലാസിൽ പോയാ കുറച്ച് നേരം കുട്ടികളോട് കുശലം ചോദിക്കുന്ന വിവരമൊക്കെ മാഷ്ക്ക് അറിയാല്ലോ.  അതനുസരിച്ച് ഇന്നലെ പരിചയപ്പെട്ടതാണ് ഷഹാനയെയും ജിനിഷയെയും.  ജിനിഷയോട് കുശലം ചോദിക്കുന്നതിനിടയിൽ ചോദിച്ച ചോദ്യമാണ്, പൊട്ട് വെക്കാറില്ലേ എന്ന്.  ആ കുട്ടിക്ക് ശീലമില്ലാത്തതുകൊണ്ട് വെക്കാറില്ലെന്ന് പറഞ്ഞു.  അതിന് മറുപടിയെന്നോണം, പൊട്ട് വെക്കുന്നവരെ എനിക്ക് കൂടുതൽ ഭംഗിയായി തോന്നിപ്പിക്കും എന്നതുകൊണ്ട് പൊട്ട് വെക്കുന്നതാണ് എനിക്കിഷ്ടംഎന്ന തികച്ചും വ്യക്തിപരമായ എന്റെ ഇഷ്ടം – ഞാനവിടെ പറഞ്ഞെന്ന് മാത്രം”.  ശേഷം ഉപ്പയുടെ നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു; “അത് നിങ്ങളെ വേറെ രീതിയിൽ ചിന്തിപ്പിക്കാൻ ഇടവരുത്തിയിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു”.  എന്നിട്ട് ഷഹാനയോട് ചോദിച്ചു; “ഇതല്ലേ മോളേ ടീച്ചർ ഇന്നലെ പറഞ്ഞത്?”.  ഷഹാന അതെയെന്ന് തലയാട്ടി.

തനിക്ക് പറ്റിയ അബദ്ധം ചെറുതല്ലെന്ന് മനസ്സിലായ ഉപ്പാക്ക് ലജ്ജ തോന്നി.  ടീച്ചറോട് പറഞ്ഞു; “ടീച്ചറേ നല്ല മനസ്സിന് നന്ദിണ്ട്.  ന്റെ കുട്ടി ഇസ്കൂള്ത്തെ വിശേഷം പറയ്ണത് മുഴ്വോൻ കേക്കാന്ള്ള ക്ഷമ ഇനിക്ക്ണ്ടായില.  ഒരു നാടൻ കാക്കാന്റെ പൊട്ടത്തരാന്ന് കൂട്ട്യാമതി.  പറഞ്ഞ വർത്താനത്തില് എടങ്ങറ് തോന്നിക്ക്ണെങ്കി ക്ഷമിക്കണട്ടോ.  മോള് എന്നും പറയല്ണ്ട് ആനി ടീച്ചറെ വിശേഷങ്ങള്.  അതോണ്ട് പെട്ടെന്ന് കേട്ടപ്പൊ എന്തൊക്കേ തോന്ന്യേതാണ്”.  ശേഷം എച്ച്.എമ്മിനെ നോക്കി പറഞ്ഞു; “ന്നാ മോള് ക്ലാസിൽക്ക് പൊയ്ക്കോട്ടെ ല്ലേ.. ഞാൻ വരട്ടെ”.  എച്ച്.എം പറഞ്ഞു; “എന്നാ ശരി ടീച്ചറേ.. പൊയ്ക്കോളൂ.  ഷഹാനയും ക്ലാസിൽ പൊയ്ക്കോളൂ ട്ടോ”.  ഉപ്പ കസേരയിൽ നിന്ന് എണീക്കുന്നതിനിടക്ക് ടീച്ചറെ നോക്കി നന്നായി പുഞ്ചിരിച്ച് ഒന്നുകൂടി ക്ഷമാപണം നടത്തി പുറത്തേക്ക് നടന്നു.  ആനി ടീച്ചർ സ്റ്റാഫ് റൂമിലേക്കും ഷഹാന ക്ലാസിലേക്കും പോയി..

ഗെയ്റ്റിനടുത്തെത്തിയപ്പോൾ തലേന്ന് രാത്രിയിലെ അങ്ങാടി സന്ദർശനസമയത്ത് കണ്ട കൂട്ടുകാരിൽ നാലഞ്ച് പേർ സ്കൂളിന് നേരെ വരുന്നുണ്ടായിരുന്നു.  അവരുടെ നേരെ ചിരിച്ചുകൊണ്ട് നടന്നുചെന്ന് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി.  ഒരു കാര്യം നേരെച്ചൊവ്വേ കേൾക്കുന്നതിന് മുമ്പ് ഇറങ്ങിപ്പുറപ്പെട്ടതോർത്ത് അവരും തല താഴ്ത്തി തിരിച്ച് നടന്നു..

ശുഭം..

(യഥാർത്ഥത്തിൽ ഉണ്ടായ ഒരു സംഭവത്തിൽ എന്റേതായ മാറ്റങ്ങൾ ചേർത്ത് എഴുതിയത്.  കഥാപാത്രങ്ങളുടെ പേരുകൾ സാങ്കൽപ്പികം).