പതിരിനെ പിന്തുടരാൻ

Sunday, December 27, 2020

നന്ദകിഷോരം


വെളുപ്പിനേ തന്നെ അടുക്കളയിൽ തിരക്കിലാണ് സുഷമച്ചേച്ചി.  തിരക്കിനിടയില്‍ മകൾ നന്ദിതയെ വിളിക്കുന്നുണ്ട്..

- നന്ദൂ..  എത്ര നേരായി മോളേ വിളിക്കുന്നു..  എണീക്ക്..

- ഉംംം


സുഷമച്ചേച്ചിയുടെ വിളി കേട്ട് പാതി മയക്കത്തിൽ അവളൊന്ന് ഞെരങ്ങി തിരിഞ്ഞ് കിടന്നു.

- മോളേ...  എടീ നന്ദൂ..  അവര് വരുമ്പഴേക്ക് എണീറ്റ് അമ്പലത്തിൽ പോയി വാ..


അത് കേട്ടതും അവൾ ഞെട്ടി എണീറ്റു. ശരിയാണ്..  അച്ഛൻ പറഞ്ഞ കൂട്ടർ, തന്നെ പെണ്ണ് കാണാൻ വരുന്ന ദിവസമാണ് ഇന്ന്..  അമ്മ പറഞ്ഞ് കേട്ടതനുസരിച്ച് പ്രാതൽ ആവുമ്പഴേക്ക് വരാമെന്നാണ് അവർ ഏറ്റിരിക്കുന്നത്.  അവൾ ക്ലോക്കിൽ നോക്കി. സമയം അഞ്ചേ മുക്കാൽ..  തുറന്നിട്ട ജനലിലൂടെ പുറത്തേക്ക് നോക്കി..  നേരം വെളുത്ത് വരുന്നേയുള്ളൂ..  ഡിസംബറിൻ്റെ തണുപ്പിൽ ബ്ലാങ്കറ്റിൻ്റെ ചൂടും കൊണ്ട് പുലർകാലെ ഇങ്ങനെ കിടക്കാൻ ഒരു പ്രത്യേക സുഖമാണ്.  അങ്ങനെ സുഖിച്ച് കിടക്കുന്നതിനിടയിലാണ് അമ്മ വിളിച്ചിരിക്കുന്നത്.


അച്ഛൻ്റെയും അമ്മയുടെയും നിർബന്ധത്തിന് വഴങ്ങിയാണ് പെണ്ണ് കാണാൻ ഒരുങ്ങുന്നത് തന്നെ.  ഇപ്പൊത്തന്നെ ഒരു കല്യാണത്തിന് ഒട്ടും താൽപര്യമില്ലായിരുന്നു അവൾക്ക്.  പിന്നെ, അവനെ കണ്ടതുമുതൽ ഉള്ള താൽപര്യവും കുറഞ്ഞ് കുറഞ്ഞ് ഇല്ലാതായി.  കുളി കഴിഞ്ഞ് അമ്മ പറഞ്ഞതനുസരിച്ച് അമ്പലത്തിൽ പോയി.  കുടുംബക്ഷേത്രത്തിലേക്കായിരുന്നു അവൾ പോയത്.  അവിടെ മുഴുവൻ അവനെ തെരഞ്ഞു.  പക്ഷേ നിരാശയായിരുന്നു ഫലം..


രണ്ടാഴ്ചയോളമായി അവൾ അവനെ ശ്രദ്ധിക്കുന്നു. ഇതുവരെ നാട്ടിൽ കണ്ടിട്ടില്ലാത്ത ഒരു യുവാവ്.  ഇരുനിറത്തിൽ, ഏകദേശം ആറടിയോളം ഉയരമുള്ള, അത്യാവശ്യം ഒത്ത ശരീരമുള്ള കാണാൻ മോശം പറയില്ലാത്ത ഒരു ചെറുപ്പക്കാരൻ.  സ്കൂളിൽ കൂടെ പഠിച്ചവരുമായി അവൾ മുഖം മാച്ച് ചെയ്തുനോക്കി..  കോളേജിൽ കൂടെ പഠിച്ചവരുടെ ആരുടെ കൂടെയും കണ്ടിട്ടില്ല.  ബസ്‌സ്റ്റോപ്പിൽ വായ്നോക്കുന്ന പൂവാലന്മാരിലും ഈയൊരു മുഖമില്ല.


പിന്നെ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അവൻ എവിടെ നിന്ന് വന്നു?  അവൻ എന്തിനാണ് ദിവസേന തങ്ങളുടെ കുടുംബക്ഷേത്രത്തിൽ വന്ന് തൊഴുന്നത്..?  അവൻ കടത്തിണ്ണയിൽ തനി നാടൻ വേഷത്തിൽ, ഒരു ടീഷർട്ടും ലുങ്കിയും ഉടുത്ത് മൂന്നാല് പേരുമായി സംസാരിച്ചിരിക്കുന്നത് രണ്ടുമൂന്ന് തവണ താൻ ബസ്സിൽ പോവുമ്പോൾ കണ്ടപ്പൊ ഈ നാട്ടിൽ തന്നെയാണ് അവൻ താമസിക്കുന്നതെന്ന് മനസ്സിലായതാണ്.  എന്നാലും ഇവൻ ആര്..??


ചോദ്യങ്ങൾ പലതായിരുന്നു അവളുടെ മനസ്സിൽ.  ഇത്ര കാലം കോളേജിൽ പഠിച്ചിട്ടും, ഒരുപാട് സുന്ദരസുമുഖന്മാരെ കണ്ടിട്ടും, അവരോടൊന്നും തോന്നാത്ത എന്തോ ഒരു സ്പാർക്ക് അവനെ കാണുമ്പോൾ തോന്നുന്നു. അതെന്തുകൊണ്ടാണെന്ന് അവൾക്കും അറിയില്ല..  അവൻ തന്നെ കണ്ടിട്ടുണ്ടാവുമോ?  അമ്പലത്തിൽ വച്ച് തന്നെ പല തവണ എതിർ ദിശയിൽ നിന്ന് തൊഴാറുണ്ടായിരുന്നു..  ചില ദിവസങ്ങളിൽ അവൾ ക്ഷേത്രത്തിലേക്ക് കയറുന്ന സമയത്തായിരിക്കും അവൻ തൊഴുത് കഴിഞ്ഞ് എതിരെ വരുന്നത്.  അലസമായി നാലുപാടും നോക്കി കടന്നുപോവാറാണ് പതിവ്.  അതുകൊണ്ടുതന്നെ അവൻ തന്നെ കണ്ടിട്ടുണ്ടാവുമോ എന്ന് അവളും സംശയിച്ചു.


അങ്ങനെ എന്തൊക്കെയോ ആലോചിച്ച് തിരികെ വീട്ടിലെത്തി.  അച്ഛനും അമ്മയ്ക്കും പ്രസാദം കൊടുത്തു. അമ്മ പറഞ്ഞു;

- ഇനി ഇവിടെ ഒന്നും ഒരുക്കാനില്ല. ഒക്കെ റെഡിയാ..  നീ റൂമിൽ പൊക്കോ..


പത്രം വായിച്ചിരുന്നിരുന്ന അച്ഛനും കൂടെ കൂടി;

- മുത്തശ്ശിയെ ചെന്ന് കണ്ട് അനുഗ്രഹം വാങ്ങിച്ച് ഡ്രസ്സ് മാറി വാ മോളേ..  അപ്പഴേക്ക് അവരിങ്ങെത്തും.


വയ്യാതെ കിടക്കുന്ന മുത്തശ്ശിയെ കണ്ട് കുറി തൊടീച്ച് അനുഗ്രഹം വാങ്ങി തിരിച്ച് വന്ന് അച്ഛൻ്റെയും അമ്മയുടെയും കാൽ തൊട്ട് അനുഗ്രഹം വാങ്ങി ഡ്രസ്സ് മാറാൻ തൻ്റെ റൂമിൽ പോയി.  താൽപര്യമില്ലാത്ത പെണ്ണുകാണലാണെങ്കിലും, അവർക്ക് മനോവിഷമം ഉണ്ടാവാതിരിക്കാൻ വേണ്ടിയായിരുന്നു അനുഗ്രഹം വാങ്ങിക്കൽ ചടങ്ങ്.


അവൾ ഡ്രസ്സ് മാറ്റിക്കൊണ്ടിരുന്നപ്പൊ താഴെ ഒരു കാർ വരുന്ന ശബ്ദം കേട്ടു..  അവൾ ജനലിലൂടെ നോക്കി.  അമ്മാവനും അമ്മായിയുമാണ്.  തന്നെക്കാണാന്‍ വരുന്ന ചെക്കനെ കാണാന്‍ വരുന്നതായിരിക്കും.  ആകെയുള്ള ഒരു ബന്ധുവാണ് അമ്മാവൻ.  അവൾ ഒരുക്കം കഴിഞ്ഞ് ഒന്നുകൂടി കണ്ണാടിയിൽ നോക്കി പുറത്തിറങ്ങാന്‍ തുടങ്ങി.  വാതിൽ തുറന്നപ്പോൾ അമ്മ തൻ്റെ മുറിക്ക് നേരെ വരുന്നു..



* * *



അമേരിക്കയിലുള്ള മകനോട് നാട്ടില്‍ വരാന്‍ പറഞ്ഞ് ക്ഷമ കെട്ട് വിളിക്കുകയായിരുന്നു കുമാരേട്ടൻ

- മോനേ, നീ എന്നാ വരുന്നത്?

- ടിക്കറ്റ് ഓക്കെയായി അച്ഛാ.. മറ്റന്നാൾ നാട്ടിലെത്തും..

- പെട്ടെന്ന് വാ മോനേ.. എത്ര നാളായി ഞങ്ങള്‍ കാത്തിരിക്കുന്നു...

- അറിയാം അച്ഛാ.. രണ്ട് ദിവസം ദാ ന്ന് പറഞ്ഞ് പോവില്ലേ..

- എന്നാ ശരി മോനേ..

- ശരിയച്ഛാ..


കിഷോറിൻ്റെ കുഞ്ഞുനാളിൽ നാട് വിട്ടതായിരുന്നു കുമാരേട്ടൻ..  തനിച്ചല്ല, കുടുംബമായിത്തന്നെ..  ഗൾഫിൽ ഷെയ്ഖിൻ്റെ പാലസിൽ ജോലി കിട്ടിയപ്പോൾ അവര് തന്നെ ഫാമിലി സ്റ്റാറ്റസ് കൊടുത്തതായിരുന്നു.  അപ്പോൾപ്പിന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ കുമാരേട്ടനും പോവാമെന്ന് ഉറപ്പിച്ചു.  ബന്ധുക്കളെന്ന് പറയാൻ കൂടുതല്‍ ആരുമില്ല..  ഇവിടെ അടുത്ത് തന്നെ വീട് വച്ച് താമസിക്കുന്ന ഒരു അനിയത്തിയാണ് ആകെയുള്ളത്.  അവരോട് അഭിപ്രായം ചോദിച്ചപ്പോഴും എതിരൊന്നും പറഞ്ഞില്ല.  അങ്ങനെയായിരുന്നു കുമാരേട്ടൻ്റെയും കുടുംബത്തിൻ്റെയും ഗൾഫിലേക്കുള്ള പറിച്ചുനടൽ.


കിഷോർ ഏക മകനാണ്.  അവൻ മൂന്നിലോ നാലിലോ മറ്റോ പഠിക്കുമ്പോഴാണ് ഗൾഫിലെത്തുന്നത്.  ബാക്കി പഠനമൊക്കെ ഗൾഫിലായിരുന്നു.  പന്ത്രണ്ടാം ക്ലാസ് വരെ ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ പഠിച്ച കിഷോർ ഉപരിപഠനത്തിന് വേണ്ടി സുഹൃത്തുക്കളുടെ കൂടെ അമേരിക്കയിൽ പോയതായിരുന്നു.  അച്ഛൻ്റെ വരുമാനത്തിൽ നല്ലൊരു പങ്കും തൻ്റെ പഠനത്തിനായി ചെലവായിട്ടുള്ളതുകൊണ്ട്, സ്വയം ജോലി ചെയ്ത് പഠിക്കാനുള്ള അവസരങ്ങൾ കൂട്ടുകാരുമൊത്ത് അന്വേഷിച്ച് കണ്ടുപിടിച്ചതാണ് അമേരിക്കയിലെ പഠനം.  അവിടെയാവുമ്പോൾ പഠനത്തിൻ്റെ കൂടെ ജോലിയും ചെയ്യാനുള്ള ഇഷ്ടം പോലെ അവസരങ്ങളുണ്ടെന്ന് കേട്ടിട്ടുണ്ട്.


അങ്ങനെ പോയ പോക്കാണ്.  ഇപ്പൊ വർഷം ഏഴ് കഴിഞ്ഞു.  പഠിക്കാന്‍ പോയ അവൻ കോഴ്സ് കഴിഞ്ഞ് അവിടെ അത്യാവശ്യം നല്ലൊരു ബിസിനസ്സൊക്കെ ചെയ്ത് ജീവിക്കുന്നു.  കിഷോർ പോയ ശേഷം രണ്ട് വർഷം കൂടെ ഷെയ്ഖിൻ്റെ വീട്ടിൽ സേവനം ചെയ്ത് കുമാരേട്ടനും നാട്ടിൽ തിരിച്ച് വന്നു.  മകൻ നല്ലൊരു ബിസിനസ്സൊക്കെ ചെയ്ത് നടക്കുന്നതറിഞ്ഞ സന്തോഷത്തിൽ ജീവിച്ച് വരികയാണ്.


അവനെ വരുത്തി കല്യാണം കഴിപ്പിക്കണ്ടേ എന്ന അവൻ്റെ അമ്മ സുമതിച്ചേച്ചിയുടെ ചോദ്യമാണ് കുമാരേട്ടനെയും ആ വഴിക്ക് ചിന്തിപ്പിച്ചത്.  പെങ്ങളുടെ മകളെ ആലോചിച്ചാലോ എന്ന് കുമാരേട്ടൻ പറഞ്ഞപ്പോൾ സുമതിച്ചേച്ചിയും സമ്മതിച്ചു.  പെങ്ങളുടെ വീട്ടിൽ പോയി അവരോട് കൂടിയാലോചിച്ചപ്പോൾ അവർക്കും സമ്മതം.


അവൾക്കും ഇവനെ അറിയാം.  കിഷോറേട്ടാ ന്ന് വിളിച്ച് അവൻ്റെ പുറകിൽ നിന്ന് മാറാതെ അവളും കളിച്ച് നടന്ന കാലത്തായിരുന്നു കുമാരേട്ടൻ്റെ കുടുംബത്തോടെയുള്ള ഗൾഫിൽപ്പോക്ക്.  അതിന് ശേഷം അവൾ അവനെ കണ്ടിട്ടില്ലെന്ന് മാത്രം.  എങ്ങനെയായാലും കല്യാണം വീട്ടുകാർ ഏതാണ്ട് പ്ലാൻ ചെയ്തു.  ഇനി കുട്ടികൾ കണ്ട് ഇഷ്ടപ്പെടട്ടെ എന്നും പറഞ്ഞ് അവർ ഇറങ്ങി.


അതിൻ്റെ അടുത്ത തവണ കിഷോറിനെ വിളിച്ചപ്പോൾ അവർ ഇക്കാര്യം സൂചിപ്പിച്ചു.  വാട്സാപ്പിൽ ഫോട്ടോയും അയച്ചുകൊടുത്ത് അഭിപ്രായം പറയാൻ പറഞ്ഞു.  ഫോട്ടോ നോക്കി അവനും ഇഷ്ടമായി.  സമ്മതം അറിയിച്ചപ്പോൾ കുമാരേട്ടനും സന്തോഷം..  ഇരുകുടുംബങ്ങളും കല്യാണത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി മുന്നോട്ട് കൊണ്ടുപോയി.


അങ്ങനെ കിഷോർ നാട്ടിലെത്തി.  പെണ്ണ് കാണാൻ പോവാൻ ഇനിയും ദിവസങ്ങൾ ഉണ്ട്. അവൻ നാട് കാണാൻ ഇറങ്ങി.  പലയിടത്തും വച്ച് അവൻ അവളെ കണ്ടു.  ഫോട്ടോയിൽ കണ്ടപോലെ തന്നെ..  ഒരുപക്ഷേ ഫോട്ടോയിലുള്ളതിനേക്കാൾ സുന്ദരി.  അങ്ങനെ പെണ്ണ് കാണാനുള്ള ദിവസം വന്നെത്തി.  രാവിലെ അമ്പലത്തിൽ പോയി തൊഴുത് വന്നപ്പഴേക്ക് കുമാരേട്ടനും സുമതിച്ചേച്ചിയും റെഡിയായിരുന്നു.  അവരെ പ്രസാദം തൊടുവിച്ച് കാറിൽ കയറി.  ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്ന കിഷോറിനോട് കുമാരേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു;

- അപ്പുറത്തേക്കിരിക്കെടാ,..  ഇന്ന് നീ ഡ്രൈവറല്ല, മണവാളനാ..  വണ്ടി ഞാനോടിക്കാം.


കിഷോർ ചിരിച്ചുകൊണ്ട് സൈഡ് മാറിയിരുന്നു.  കാർ പെണ്ണ് കാണാൻ പോവുന്ന വീടായ കിഷോറിൻ്റെ അമ്മായിയുടെ വീട്ടിലേക്ക് കയറി. അവരെ കണ്ടതും അവൻ്റെ അമ്മായിയും ഭർത്താവ് കൃഷ്ണേട്ടനും ചിരിച്ചുകൊണ്ട് സ്വീകരിക്കാൻ വന്നു. രണ്ടുപേരും അവരെ സ്വീകരിച്ചിരുത്തി കൃഷ്ണേട്ടൻ പറഞ്ഞു;

- സുഷമേ, നീ വൈകിക്കാതെ അവളെ വിളിക്ക്.

- ദാ ഇപ്പൊ വിളിക്കാം..


അതും പറഞ്ഞ് സുഷമച്ചേച്ചി മോളെ വിളിക്കാൻ അകത്തേക്ക് പോയി.



* * *



- വേഗം വാടീ.. അവരെത്തി..


തൻ്റെ ഒരുക്കം കഴിഞ്ഞില്ലെന്ന് കരുതി വിളിക്കാൻ വന്നതായിരുന്നു അമ്മ.  അടുക്കളയിൽ ചെന്ന് ചെറുക്കൻ്റെ കൂട്ടർക്ക് കൊടുക്കാനുള്ള ചായ നിറച്ച കപ്പുകൾ വെച്ച ട്രേ എടുത്ത് അവൾ പൂമുഖത്തേക്ക് നടന്നു.  അടുക്കള ഭാഗത്ത് നിന്ന് പൂമുഖത്തേക്ക് തുറക്കുന്ന വാതിലിന് നേരെയുള്ള സോഫയിൽ അമ്മാവനും അമ്മായിയും ഇരിക്കുന്നത് അവൾ ഒറ്റനോട്ടം കണ്ടു.  പൂമുഖത്തെത്തിയപ്പോൾ അമ്മാവനും അമ്മായിയും ഇരിക്കുന്നതിൻ്റെ എതിർദിശയിലേക്ക് കാണിച്ച് അമ്മ പറഞ്ഞു;

- അങ്ങോട്ട് കൊടുക്ക് മോളേ..


ചെറുക്കൻ അവിടെയാണ് ഇരിക്കുന്നതെന്ന് മനസ്സിലാക്കി അവൾ നാണത്തോടെ തല കുനിച്ച് ട്രേ അവന് നേരെ നീട്ടി.  ചെറുക്കൻ ഒരു കപ്പെടുക്കാൻ കൈ നീട്ടിയപ്പോൾ ഇടംകണ്ണിട്ട് അവൾ അവനെയൊന്ന് നോക്കി.  അവൾക്ക് അവളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല.


ഇത് അവനല്ലേ.., താൻ ഇത്രകാലം അന്വേഷിച്ച് നടന്ന ആ ചെറുപ്പക്കാരൻ.!! അവനാണോ എന്നെ കെട്ടാൻ പോവുന്നത്..?!  തൻ്റെ അമ്മാവൻ്റെ മകൻ കിഷോറായിരുന്നോ ഇത്..  എത്ര കാലത്തിന് ശേഷമാണ് കാണുന്നത്, തൻ്റെ പഴയ കളിക്കൂട്ടുകാരനെ..  താൻ അവനെ തിരിച്ചറിയാതെ പോയല്ലോ.  ഒരു ബന്ധവുമില്ലാത്ത, ഇത്രകാലം കണ്ടിട്ടേ ഇല്ലാത്ത ഒരുത്തനെ, കുടുംബക്ഷേത്രത്തിൽ സ്ഥിരമായി കണ്ടപ്പഴേ താൻ ഓർക്കേണ്ടതായിരുന്നു.


അവൾക്ക് ഇതൊക്കെയാലോചിച്ച് അത്ഭുതവും, സന്തോഷവും, അവനെ കണ്ടതുമുതൽ താൽപര്യമില്ലാതായത് അച്ഛനും അമ്മയും കൂടെ പ്ലാൻ ചെയ്ത ഈ ആലോചനയായിരുന്നല്ലോ എന്നോർത്ത് സങ്കടവും എല്ലാം ഒരുമിച്ച് വന്നു.  അവനാണ് വരുന്നതെന്നറിഞ്ഞിരുന്നതെങ്കിൽ കുറച്ചുകൂടെ നന്നായി ഒരുങ്ങാമായിരുന്നു എന്നൊക്കെ അവൾ വെറുതെ ഓർത്തു.


അവളുടെ ഭാവം കണ്ട് കള്ളച്ചിരിയോടെ ഇരിക്കുകയായിരുന്നു എല്ലാവരും..  അവളുടെ ഇഷ്ടം മനസ്സിലാക്കി സർപ്രൈസായി പ്ലാന്‍ ചെയ്ത് കൊണ്ടുവന്ന ആലോചന വിജയിച്ച സന്തോഷം.  എന്തായാലും പെണ്ണുകാണൽ സുഗമമായി മുന്നോട്ട് പോയി.  അവർക്ക് തമ്മിൽ സംസാരിക്കാനുള്ള അവസരം നൽകി കൃഷ്ണേട്ടൻ മുറ്റത്തെ മാവിൻതൈയുടെ തണലത്തേക്ക് ചൂണ്ടി കിഷോറിനോട് പറഞ്ഞു;

- അങ്ങോട്ട് നിന്ന് ഇത്തിരി നേരം സംസാരിക്ക് മക്കളേ..


കിഷോർ പുഞ്ചിരിച്ചുകൊണ്ട് എണീറ്റ് പുറത്തേക്ക് നടന്നു. നന്ദുവും പിറകെ ചെന്നു. അവർ അവിടെ നിന്ന് അവരുടെ വിശേഷങ്ങൾ പങ്കുവച്ചു.  അമ്പലത്തിൽ വച്ച് നന്ദുവിൻ്റെ ഒളിഞ്ഞുനോട്ടം കിഷോർ ശ്രദ്ധിച്ചിരുന്നതും, ഇന്ന് രാവിലെപ്പോലും തൊഴുത് കഴിഞ്ഞ് അവൾ ആരെയോ തെരയുന്നതുമെല്ലാം ഒളിഞ്ഞു നിന്ന് ശ്രദ്ധിച്ചതായും അവൻ പറഞ്ഞു..  ഇതെല്ലാം കേട്ട് നാണത്തോടെ തലയും താഴ്ത്തി കവിളും ചുവപ്പിച്ച് നന്ദുവും നിന്നു..


ശുഭം..


________________________________

🖋 June Born Young

Saturday, December 26, 2020

ഓൺലൈൻ അനുരാഗം


ജോലിത്തിരക്കുകൾ കഴിഞ്ഞ് ഫെയ്സ്ബുക്ക് നോക്കിയിരിക്കുകയായിരുന്നു.  ഒരുപാട് നാളുകളായി 'വരുവാനില്ലാരുമീ വിജനമാമീവഴി...' പാടിക്കൊണ്ടിരുന്ന ഫ്രണ്ട് റിക്വസ്റ്റ് സെക്ഷനിൽ പുതിയൊരു ഫ്രണ്ട് റിക്വസ്റ്റ്...!  അതും ഒരു പെൺകുട്ടിയുടെ...!!

പരിചയമില്ലാത്ത പേര് കണ്ട് പ്രൊഫൈലിൽ കയറി നോക്കി.  ഒരു എത്തും പിടിയും കിട്ടിയില്ല..  നേരിട്ടറിയാത്തവർക്ക് അഡ്മിഷൻ കൊടുക്കുന്ന പരിപാടി പണ്ടേ നിർത്തിയിരുന്നതുകൊണ്ടും, അതിലുപരി ഇതൊരു പെൺകുട്ടിയുടെ പേരിലായതുകൊണ്ട് ഫെയ്ക്കായിരിക്കുമോ എന്ന ചിന്ത വന്നതുകൊണ്ടും (മുമ്പ് അനുഭവണ്ടേയ്) റിക്വസ്റ്റ് ഡിക്ലൈൻ ചെയ്തു (സത്യായിട്ടും). തിരിച്ച് പ്രൊഫൈലിലെത്തി ഉരുട്ടിക്കൊണ്ടിരുന്നു..  അപ്പോഴാണ് പെട്ടെന്ന്, റിക്വസ്റ്റയച്ച ആ പ്രൊഫൈൽ നെയിം, അത് മുമ്പ് താൻ പാരലൽ കോളേജിൽ ജോലി ചെയ്തിരുന്ന സമയത്ത് അവിടെ പഠിച്ച ഒരു കുട്ടിയുടെ പേരും അതുതന്നെയായിരുന്നല്ലോ..

 

കോളേജിൽ ജോലി ചെയ്തെന്ന് പറഞ്ഞത് പഠിപ്പിക്കുകയായിരുന്നില്ല, ഓഫീസ് സ്റ്റാഫായിരുന്നു..  ഓഫീസിൽ വല്ല ആവശ്യത്തിനും വരുമ്പോൾ അവൾ അവളുടെ പേര് ഇനീഷ്യലും ചേർത്തായിരുന്നു പറയാറുണ്ടായിരുന്നത്.  അതുകൊണ്ടുതന്നെ താൻ അങ്ങനെതന്നെയാണ് അവളെയും വിളിച്ചിരുന്നത്.

 

അപ്പൊ പിന്നെ ആക്സപ്റ്റ് ചെയ്യാതിരുന്നത് മോശായിപ്പോയെന്ന് തോന്നി, വീണ്ടും ആ പ്രൊഫൈലിൽ കേറി അങ്ങോട്ട് റിക്വസ്റ്റ് കൊടുത്ത് തിരിച്ച് വന്ന് ഉരുട്ടൽ തുടർന്നു.  ഉരുട്ടൽ കഴിഞ്ഞപ്പോൾ റൂമിലെത്തി എല്ലാ പണിയും തീർത്ത് ഉറങ്ങാൻ കിടന്നു..

 

പിറ്റേന്ന്, ഇതേപോലെത്തന്നെ ജോലിയൊക്കെ കഴിഞ്ഞ് ഫെയ്സ്ബുക്കിൽ കയറിയപ്പോൾ സ്വാഭാവികമായും, ഇന്നലെ വിട്ട റിക്വസ്റ്റ് ആക്സപ്റ്റ് ചെയ്തിട്ടുണ്ടോ എന്നറിയാനുള്ള ആകാംക്ഷയിൽ ഫ്രണ്ട് റിക്വസ്റ്റ് സെക്ഷൻ നോക്കി.  പ്രതീക്ഷിച്ചപോലെത്തന്നെ ആക്സപ്റ്റ് ചെയ്തിട്ടുണ്ട്. പോരാത്തതിന് ഓൺലൈനും ഉണ്ട്.

 

ഓൺലൈൻ കണ്ടാൽ പിന്നെ വിടുമോ, ഇന്ന കോളേജിൽ പഠിച്ചിരുന്ന ആളാണോ എന്ന് ചോദിച്ച് മെസേജയച്ചു.

- അല്ല

- പിന്നെ?  എന്നെ എങ്ങനെയാ പരിചയം?

- ഞാൻ നിങ്ങളെ കണ്ടിട്ടുണ്ട്

- എവിടെ വച്ച്?

- ടൌണിൽ, ബസ്‌സ്റ്റാൻഡിൽ വച്ച്

- ബസ്‌സ്റ്റാൻഡിൽ വച്ച് ഇങ്ങനൊരാളെ പരിചയപ്പെട്ടതായി എനിക്ക് ഓർമയില്ലല്ലോ..

- നമ്മൾ പരിചയപ്പെട്ടിട്ടില്ല.  ഞാൻ നിങ്ങളെ മാത്രമാണ് കണ്ടത്. നിങ്ങൾ എന്നെയല്ല.

- അതെന്താ കഥ?

- ബസ്‌സ്റ്റാൻഡിൽ ഞാൻ പോവുന്ന ബസ്സിൻ്റെ തൊട്ടടുത്താ നിങ്ങൾക്ക് പോവാനുള്ള ബസ്സ് നിക്കുന്നത്. അങ്ങനെ ഇടക്കൊക്കെ കാണാറുണ്ടായിരുന്നു.

 

ബസ്‌സ്റ്റാൻഡിൽ വച്ച് കണ്ടിട്ടുള്ളവർക്കൊക്കെ പ്രൊഫൈൽ തെരഞ്ഞ് റിക്വസ്റ്റയക്കലാണോ പണി എന്ന് ചോദിക്കാൻ തോന്നിയെങ്കിലും ചോദിച്ചില്ല..  പക്ഷേ ഒന്ന് ചോദിച്ചു,

- ബസ്‌സ്റ്റാൻഡിൽ വച്ച് കണ്ട് മാത്രം പരിചയമുള്ള എൻ്റെ പ്രൊഫൈൽ എങ്ങനെ കിട്ടി?

- എൻ്റെ കസിൻ പറഞ്ഞുതന്നു

- ഏത് കസിൻ, ആരാ അത്?

 

കസിൻ്റെ പേരും ക്ലാസും പറഞ്ഞിട്ട് അറിയാമോന്ന് ചോദിച്ചു

- അറിയാം

- നിങ്ങൾ ജോലി ചെയ്തിരുന്ന സമയത്താ അവൾ അവിടെ പഠിച്ചിരുന്നത്.

 

കസിനെ പറഞ്ഞപ്പൊ എനിക്ക് റൂട്ട് ക്ലിയറായി. കാരണം കസിനെയും തനിക്കറിയാമായിരുന്നു. പോരാത്തതിന്, രണ്ട് ദിവസം മുമ്പാണ് ഈ പറയപ്പെട്ട കസിൻ്റെ റിക്വസ്റ്റ് താൻ ആഡ് ചെയ്തത്. അവൾ തുടർന്ന് പറഞ്ഞു

- അവളാണ് പ്രൊഫൈൽ ക്രിയേറ്റ് ചെയ്ത് തന്നത്.  അവൾക്ക് പരിചയമുള്ളവർക്കൊക്കെ റിക്വസ്റ്റയച്ച കൂട്ടത്തിൽ നിങ്ങൾക്കും അയച്ചതാ.

- ആ റിക്വസ്റ്റ് ഞാൻ ഡിക്ലൈൻ ചെയ്തു.  പിന്നെ ആലോചിച്ചപ്പൊ പേര് പരിചയം തോന്നിയതുകൊണ്ട് ഞാൻ തിരിച്ച് റിക്വസ്റ്റ് ചെയ്തതാ.  അപ്പൊ ആക്സപ്റ്റ് ചെയ്തത് നീയല്ലേ..?

- അതെ

- അപ്പൊ അറിയാത്ത പ്രൊഫൈലിൽ നിന്ന് വരുന്ന റിക്വസ്റ്റൊക്കെ ആക്സപ്റ്റ് ചെയ്യുമോ?

- അതില്ല

- പിന്നെ ഇത്?

- റിക്വസ്റ്റ് കണ്ടപ്പൊ അവളെ മ്യൂച്വൽ ഫ്രണ്ട്സ് ആയി കണ്ടു.  അവളെ കാണിച്ചപ്പൊ അവള് പറഞ്ഞതാ ആക്സപ്റ്റ് ചെയ്തോളാൻ

- അതുശരി..  രണ്ടുപേരും കൂടെ ഫെയ്സ്ബുക്ക് ചുറ്റാൻ ഇറങ്ങിയിരിക്ക്യാ ല്ലേ..?

- 😁

- ഞാൻ ഉദ്ദേശിച്ച ആളല്ലാത്തതുകൊണ്ട് ഇനിയിപ്പൊ അൺഫ്രണ്ട് ചെയ്യണോ?

- അതൊന്നും വേണ്ട.  നിങ്ങളെ എനിക്കറിയാവുന്നതല്ലേ..

- എന്നാ ശരി

- ഓക്കെ

 

അതവിടെ തീർന്നു. പിന്നെ എപ്പോഴും ഫെയ്സ്ബുക്കിൽ കയറുമ്പോൾ ഓൺലൈനിലുണ്ടെങ്കിൽ മെസേജ് പതിവായി. പിന്നെയും വിവരങ്ങൾ ചോദിച്ചറിഞ്ഞ് കൂടുതൽ പരിചയപ്പെട്ടു.

 

പഠിക്കുന്നത് ടൌണിൽ തന്നെയുള്ള വുമൺസ് കോളേജിൽ. ക്ലാസ് കഴിഞ്ഞ് ബസ്‌സ്റ്റാൻഡിൽ കസിൻ വരുന്നത് വരെ കാത്തിരിക്കും. നാട്ടിലേക്കുള്ള ബസ്സിൽ കേറണമെങ്കിൽ ഈ ബസ്‌സ്റ്റാൻഡിൽ വരണം. കോളേജിൽ നിന്ന് കസിൻ ക്ലാസ് കഴിഞ്ഞ് വന്ന് അവരുടെ നാട്ടിൽ പോവാനുള്ള ബസ്സിനടുത്ത് ചെന്ന് ബസ്സ് സ്റ്റാർട്ട് ചെയ്യുന്നതുവരെ പുറത്ത് നിക്കും - കൺസഷൻ ടിക്കറ്റുകാരായ കുട്ടികൾ അകത്ത് കേറിക്കൂടല്ലോ, ക്രിമിനൽ കുറ്റമാണ്.

 

അവൾ വിശദമായി പറഞ്ഞു. ഒരിക്കൽ കസിൻ വന്നിറങ്ങിയ ബസ്സിലാണത്രെ താനും വന്നിറങ്ങിയത്. ബസ്സിറങ്ങി നടക്കുന്ന വഴിക്ക് അവൾ തന്നെ നോക്കി ചിരിച്ചെന്നും എന്തൊക്കെയോ സംസാരിച്ചെന്നുമൊക്കെ. അതും പറഞ്ഞ് അവൾ കസിനെ കുറേ കളിയാക്കിയിരുന്നത്രെ. അന്ന് കോളേജിൻ്റെ മുമ്പിൽ ബസ്സ് കാത്ത് നിക്കുമ്പൊ ഉണ്ടായ എന്തോ സംഭവം പറഞ്ഞ് ചിരിച്ചതാണെന്നും അല്ലാതെ വേറൊന്നും ഇല്ലെന്നും ഒക്കെ പറഞ്ഞ് കസിനും കളിയാക്കൽ അവസാനിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നത്രെ. അങ്ങനെ ഇടക്കിടക്ക് കണ്ട് ശീലമായിട്ടാണ് ശ്രദ്ധിക്കാൻ തുടങ്ങിയത്.

 

അങ്ങനെ കാര്യങ്ങൾക്കൊക്കെ ഒരു വ്യക്തതയായി. കാര്യം ജോലി കഴിഞ്ഞ് എനിക്ക് ടൌണിൽ പോവേണ്ട ആവശ്യമില്ല. എന്തെങ്കിലും സാധനങ്ങൾ വാങ്ങാനോ, സുഹൃത്തുക്കളെ കാണാനോ ഉണ്ടെങ്കിലേ ടൌണിൽ പോവാറുള്ളു.. ടൌണിൽ പോയാൽ പിന്നെ ബസ് സ്റ്റാൻഡിൽ പോയിട്ടേ ബസ് കയറുകയും ഉള്ളൂ.

 

അങ്ങനെ അന്നത്തെ ഫെയ്സ്ബുക്ക് അങ്കം നിർത്തി ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ ഓഫീസിൽ പോയി വൈഫൈ കണക്ട് ആയ ഉടനെ മെസഞ്ചർ നോട്ടിഫിക്കേഷൻ;

- ഗുഡ്മോണിംഗ്

 

അവൾ.. രാവിലെത്തന്നെ, അതും അതിരാവിലെ.. മെസേജ് വന്നത്, ഗൾഫിലെ ടൈം തന്നെ 6:30 ആണ് കാണിക്കുന്നത്.. അപ്പൊ നാട്ടിൽ 5 മണി..!!! ഇത്ര പുലർച്ചെയൊക്കെ വിഷ് ചെയ്യുന്നോ.. എന്തായാലും നല്ലൊരു ഇമേജ് തനിക്ക് അവളുടെ മനസ്സിലുണ്ടെന്ന് മനസിലായി. ചുരുക്കിപ്പറഞ്ഞാൽ ലഡ്ഡു പൊട്ടി എന്ന്..

- വെരി ഗുഡ്മോണിംഗ്..!!

 

റിപ്ലൈ കൊടുത്തു.. പിന്നെ ജോലിത്തിരക്കിലേക്ക്.

 

അന്നത്തെ ജോലി കഴിഞ്ഞ് ഫെയ്സ്ബുക്കിലേക്ക് വണ്ടി കയറിയപ്പോൾ പച്ച കത്തിച്ച് ചാറ്റ് ലിസ്റ്റിൽ മുകളിൽ തന്നെ ഇരിക്കുന്നു കക്ഷി. രാവിലെ പൊട്ടിയ ലഡ്ഡുവിൻ്റെ പീസുകൾ വീണ്ടും പല പല ലഡ്ഡുകളായി പൊട്ടിയെങ്കിലും ചാടിക്കേറി മെസേജയക്കാനൊന്നും പോയില്ല. പക്ഷേ ഉള്ളിലെ കുക്കുടാനന്ദ തലകുലുക്കിയതിൻ്റെ എഫക്ട് കാരണം ചാറ്റ് ബോക്സ് തുറന്ന് വെച്ചു.

 

ഇങ്ങോട്ട് വന്ന മെസേജും തിരിച്ച് കൊടുത്ത റിപ്ലൈയും വെറുതെ നോക്കി ഇരുന്ന് ധൃതംഗപുളകിതനാവാം എന്നേ ഉദ്ദേശിച്ചുള്ളൂ. യാദൃശ്ചികമെന്നോണം അപ്പോൾ തന്നെ, മറുതലക്കൽ ടൈപ്പ് ചെയ്യുന്നെന്ന് സൂചിപ്പിക്കുന്ന ആ മൂന്ന് കുത്തുകൾ കിടന്ന് ചാടാൻ തുടങ്ങി.

- ഹായ്..

 

വന്നു.. പിന്നെന്തിന് താമസിക്കണം.. പണി തുടങ്ങാം..

- ഹലോ..

 

അതങ്ങനെ തുടർന്നു.. ദിവസങ്ങളോളം.. അങ്ങനെയൊരിക്കൽ ചാറ്റിനിടയിൽ അവൾ ചോദിച്ചു;

- നിങ്ങളുടെ കല്യാണം കഴിഞ്ഞോ?

 

ഒരു പെൺകുട്ടിയെ പരിചയപ്പെട്ടാൽ ഏതൊരു സിംഗിൾ പസങ്കയും കേൾക്കാൻ ആഗ്രഹിക്കുന്ന, അതിലുപരി കുക്കുടാനന്ദ കടാക്ഷിച്ച താനും ആഗ്രഹിച്ചിരുന്ന ചോദ്യം.. ലഡ്ഡുകൾ പൊട്ടിച്ചുകൊണ്ടുതന്നെ പറഞ്ഞു;

- ഇല്ല

- എന്തേ?

- ഒന്നൂല്ല..  ഇവടെ വരുന്നതിന് മുമ്പ് കല്യാണം കഴിക്കാൻ വേണ്ടി ഒന്നും കരുതിയിട്ടില്ലായിരുന്നു

- ഓഹോ..  ഇപ്പൊ കരുതിയിട്ടുണ്ടോ?

 

എടി പെണ്ണേ, നിൻ്റെ ചാട്ടം എങ്ങോട്ടാണെന്ന് എനിക്ക് മനസിലാവുന്നുണ്ട് എന്ന് പറയാൻ കുക്കുടാനന്ദ സമ്മതിച്ചില്ല. കാര്യം തന്നെ പറഞ്ഞു;

- കരുതിക്കൊണ്ടിരിക്കുന്നു..

- കരുതൽ എത്രത്തോളമായി?

- ഒരുവിധം ഒപ്പിക്കാം

- 😇

- ഉംം..?

- ഒന്നൂല്ല..  പോട്ടെ ട്ടോ..  ബൈ..

 

ഒരെത്തും പിടിയും ഇല്ലാത്ത ആ റിപ്ലൈ ഇമോജിയിൽ നിന്ന് ഒന്നും പിടി കിട്ടിയില്ല..  അല്ലെങ്കിലും പെണ്ണുങ്ങൾ അങ്ങനെയാണ്..  പെട്ടെന്നൊന്നും ആർക്കും പിടികൊടുക്കില്ല.  താനും റിപ്ലൈ കൊടുത്തു;

- ബൈ..

 

വീണ്ടും ദിവസങ്ങൾ മുന്നോട്ട് പോയി.., ചാറ്റുകളും..  യാദൃശ്ചികമായുള്ള ഓൺലൈൻ വരവ് മാറി ഇന്ന ടൈമിന് വരാമെന്നേറ്റ് രണ്ടുപേരും ഒരേ ടൈമിൽ ഓൺലൈൻ വരാൻ തുടങ്ങി.  ചാറ്റുകളും പുരോഗമിച്ചു..  തൻ്റെ കാര്യങ്ങൾ ഓരോന്നായി അവൾ താൽപര്യത്തോടെ ചോദിക്കുന്നതിൻ്റെ ലക്ഷ്യം താൻ ഉദ്ദേശിക്കുന്നത് തന്നെയാണോ എന്ന ചിന്ത സദാ സമയം അലട്ടിക്കൊണ്ടിരുന്നു.  അങ്ങനെയിരിക്കെ ഒരുദിവസം ചാറ്റിനിടയിൽ..

- നാട്ടിൽ എന്നാ വരുന്നത്?

- തീരുമാനം ആയിട്ടില്ല..

- അതെന്താ, പോയിട്ട് ഒരു വർഷമായാൽ നാട്ടിൽ വന്നൂടേ?

- വരാം.  പക്ഷേ ഞാനിപ്പൊ വരുന്നില്ല.

- അതെന്താ?

- ഒരു വർഷമായാൽ കഷ്ടിച്ച് ഒരു മാസമേ നാട്ടിൽ നിക്കാൻ സാധിക്കുള്ളൂ.

ഏകദേശം ഇരുപത്തഞ്ച് ദിവസമൊക്കെ കഴിഞ്ഞാൽ തുടങ്ങും, തിരിച്ച് വരുന്നില്ലേന്ന് ചോദിച്ചുള്ള വിളിയും മേസേജും.

- അതിനെന്താ?

- ആ.., അപ്പൊ ഒരു രണ്ടോ മൂന്നോ വർഷം ഇവടെ നിന്നിട്ട് ഒരഞ്ചാറ് മാസം ഒരുമിച്ച് ലീവിന് നിക്കാനുള്ള പ്ലാനിലാ ഞാൻ.

- വളരെ നല്ല തീരുമാനം..  വല്ലാത്തൊരു മനുഷ്യൻ..  നിങ്ങക്ക് നാടൊന്നും കാണണ്ടേ..?

- നിനക്കെന്താ എന്നെ നാട്ടിൽ വരുത്തീട്ട്?

- എനിക്കൊന്നും ഉണ്ടായിട്ടല്ല..

- പിന്നെ?

- നാട്ടിൽ വന്നാലല്ലേ കല്യാണം കഴിക്കാൻ പറ്റൂ..?

- അതുശരി

- എന്താ?

- ഞാൻ കല്യാണം കഴിക്കാഞ്ഞിട്ടെന്താ നിനക്കിത്ര തെരക്ക്?

- വയസ്സെത്രയായീന്നാ?

- എത്രയായി?

- എനിക്കല്ല, നിങ്ങക്ക്

- എനിക്ക് വയസ്സായാലെന്താ?

- പെണ്ണ് കിട്ടൂല

- ആര് പറഞ്ഞു?

- അതങ്ങനെയാ

- അതൊക്കെ വിധിയുണ്ടെങ്കി കിട്ടും

- നിങ്ങളോട് പറഞ്ഞിട്ട് കാര്യല്ല

- ശ്ശെടാ

- ഞാൻ പോവാ

- പോവ്വ്വോ?

- പോവും

- എന്തിന്?

- ആവോ

- എടി പെണ്ണേ, നിനക്കെന്നോട് പ്രേമമാണോ..?

- അറിയില്ല..!!

- അറിയാതിരുന്നാ എങ്ങനെയാ?

- അതങ്ങനെയാ

- അങ്ങനെയായാ പറ്റില്ലല്ലോ..  ഒരു തീരുമാനം ആക്കണ്ടേ?

- അത് തീരുമാനം ആവില്ല..!!

- കാരണം?

- കാരണം...  കാരണമുണ്ട്..

- അതെന്താന്നാ ഞാൻ ചോദിച്ചത്?

- എൻ്റെ കല്യാണം നിശ്ചയിച്ചതാ..!!

- അടിപൊളി..  എന്നിട്ടാ എന്നെ പ്രേമിക്കാൻ നടക്കുന്നത്?

- ഉംം

- അതെന്ത് പരിപാടിയാ?

- എനിക്ക് ഇഷ്ടം ഉണ്ടായിട്ടല്ല, അയാളെന്നെ പെണ്ണ് കാണാൻ പോലും വന്നിട്ടില്ല.

- പിന്നെങ്ങനെ നിശ്ചയം വരെ എത്തിയത്?

- അത് അച്ഛൻ്റെ കൂട്ടുകാരൻ്റെ മകനാ. അവര് തമ്മിൽ പറഞ്ഞ് വെച്ചതാ.

- ഒന്ന് പെണ്ണ് കാണല് പോലും നടത്താതെയോ?

- നിശ്ചയിച്ചെന്ന് പറഞ്ഞാൽ, വാക്കാൽ പറഞ്ഞ് വെച്ചിരിക്കുന്നതാണ്.  പെണ്ണ് കാണൽ ഉടനെ ഉണ്ട്, ഒരു ചടങ്ങിന് മാത്രം.

- നിനക്ക് ഈ വിവരം അറിയാവുന്നത് അച്ഛന് അറിയില്ലേ?

- അറിയാം

- നിനക്ക് താൽപര്യമാണെന്ന് കരുതിയിട്ടല്ലേ ആ ആലോചനയുമായി മുന്നോട്ട് പോവുന്നത്?

- അതെ..

- അപ്പൊ നിനക്ക് താൽപര്യമില്ലെന്ന് തുറന്ന് പറഞ്ഞൂടേ?

- അത് പറഞ്ഞാൽ അവരുടെ സൌഹൃദം നഷ്ടപ്പെടുമല്ലോന്ന് ഓർത്തിട്ടാ.

- അവരുടെ സൌഹൃദമാണോ നിൻ്റെ ജീവിതമാണോ വലുത്?

- അത്....

- നീ അമ്മയോടെങ്കിലും പറഞ്ഞിട്ടുണ്ടോ താൽപര്യമില്ലെന്ന്?

- പറഞ്ഞു..

- അപ്പൊ എന്ത് പറഞ്ഞു?

- മിണ്ടാതെ അച്ഛൻ പറയുന്നത് കേട്ടോണം – ന്ന്

- പിന്നെ നീയൊന്നും പറയാൻ പോയില്ലേ?

- ഇല്ല..

- അത് പറ്റില്ല..  താല്പര്യമില്ലെങ്കി അത് പറഞ്ഞ് ഒഴിവാക്കിക്കണം..  താല്പര്യം ഇല്ലെങ്കിക്കൂടി അത് ചിലപ്പോ കല്യാണം കഴിഞ്ഞാൽ ശരിയാവും, പക്ഷേ ഇത്, നിനക്കൊരു പ്രേമം കൂടെ തുടങ്ങിയതുകൊണ്ട് എന്തായാലും ഒഴിവാക്കിക്കണം.

- ഉംം

- മൂളിയാൽപ്പോര, ഒഴിവാക്കിക്കണം കേട്ടല്ലോ?

- ശരി

- ആ

- ന്നാ ഞാൻ പോട്ടെ..  നേരം വൈകി..

- ആ..  ഓക്കെ..

അന്ന് രാത്രി കിടക്കുമ്പൊ പറയാനറിയാത്ത ഫീലിംഗ്. ഒരു പെൺകുട്ടി തന്നോട് ഇങ്ങോട്ട് വന്ന് ഇഷ്ടമാണെന്ന് പറഞ്ഞിരിക്കുന്നു.  അതാലോചിക്കുമ്പോൾ രോമാഞ്ചം, സന്തോഷം, ഉൾപ്പുളകം..  അങ്ങനെ എന്തൊക്കെയോ.  പക്ഷേ അവളുടെ നിശ്ചയിച്ച കല്യാണം..  അതെന്തുചെയ്യും..  അറിഞ്ഞിടത്തോളം അവളുടെ എതിർപ്പ് വിലവെച്ച് കല്യാണം ഒഴിവാക്കുന്ന ലൈനിലല്ല അവളുടെ അച്ഛനും അമ്മയും.  എന്തായാലും ഒന്നുകൂടെ പറയാൻ പറഞ്ഞിട്ടുണ്ടല്ലോ.  വരുന്ന പോലെ കാണാം.

 

പിറ്റേന്ന് രാവിലെ പതിവ് ഗുഡ്മോണിംഗ് ഒന്നും കണ്ടില്ല.  അതുകൊണ്ടുതന്നെ അതിൻ്റേതായ ഉഷാർ കുറവ് മുഖത്തുണ്ടായിരുന്നു.  ഓഫീസിലെത്തി ജോലിയുടെ തിരക്കിലേക്കിറങ്ങി.  ഡ്യൂട്ടി കഴിഞ്ഞ് റൂമിലെത്തി ഫോണിൽ നോക്കി..  സ്ഥിരം വരുന്ന സമയത്തും അവളെ കണ്ടില്ല.  അപ്പൊ ഭക്ഷണവും കഴിച്ച് അലക്കാനുള്ള ഡ്രസ്സും മറ്റും അലക്കിയിട്ട് ഉറങ്ങാൻ കിടന്നു.  പെട്ടെന്ന് നോട്ടിഫിക്കേഷൻ. അവളാണ്;

- ഹായ്

 

രാവിലെ മുതൽ ടെൻഷനടിപ്പിച്ചിട്ട് അവളുടെയൊരു ഹായ്..  ചാടിക്കേറി റിപ്ലൈ കൊടുത്തു;

- എവിടെയായിരുന്നു ഇന്ന്, എന്തായി നമ്മുടെ കാര്യം?

- ഒന്നും ആയില്ല

- അതെന്തേ നീ പറഞ്ഞില്ലേ?

- ഇല്ല

- കാരണം?

- അയാള് രാവിലെ ഇവടെ വന്നിരുന്നു

- ആര്, ചെക്കനോ?

- അല്ല, അച്ഛൻ്റെ സുഹൃത്ത്

- എന്നിട്ട്?

- പതിനഞ്ച് ദിവസം കഴിഞ്ഞാൽ മകൻ വരുന്നുണ്ടത്രെ.  വന്നതിൻ്റെ പിറ്റേന്ന് പെണ്ണ് കാണൽ ചടങ്ങും നിശ്ചയിക്കലും നടത്താം എന്ന് പറഞ്ഞിട്ട് പോയി..

- അതുകൊണ്ട് നീ ഒന്നും പറഞ്ഞില്ല ല്ലേ?

- ഇല്ല

- പിന്നെ എന്ത് ചെയ്യാനാ പ്ലാൻ?

- എനിക്ക് അപ്പൊ മുതൽ ടെൻഷനടിച്ച് തലവേദന വന്നിട്ട് വയ്യായിരുന്നു..

- അപ്പൊ ഇന്ന് ലീവെടുത്തോ?

- ഇല്ല.  ലീവെടുത്തിരുന്നെങ്കി തലവേദന കൂടുകയേ ഉള്ളൂ.  വിക്സ് തേച്ച് കോളേജിൽ പോയി.  പിന്നെ എപ്പോഴോ അത് മാറി.

- ഉംം..

- എന്താ നിങ്ങളൊന്നും പറയാത്തത്?

മൂളിയതിന് ശേഷം മെസേജൊന്നുമില്ലാതെ നീണ്ട നിശബ്ദത കണ്ടപ്പൊ അവൾ ചോദിച്ചു

- നമ്മുടെ കാര്യം ഇപ്പൊ എങ്ങനെയാ?

- എങ്ങനെ?

- നേരിട്ട് കണ്ട്, സംസാരിച്ച്, പരിചയപ്പെട്ട്, അങ്ങനെയൊന്നുമുള്ളതല്ല നമ്മുടെ ബന്ധം.  വെറും ഓൺലൈൻ പരിചയമാണ്.  സാധാരണ ഓൺലൈൻ റിലേഷനിൽ നിന്ന് വ്യത്യസ്തമായി ഉള്ളത് നീ എന്നെ കണ്ടിട്ടുണ്ട് എന്ന് മാത്രം.  എന്നിരുന്നാൽ പോലും ഈ ഒരു ചിന്താഗതി വച്ച് നിൻ്റെ അച്ഛനും അമ്മയും ഇത്തരത്തിലൊരു ബന്ധത്തെ കല്യാണത്തിലേക്കെത്തിക്കില്ല..

- ഉം

- എന്ത് ഉം..?  ഇഷ്ടമില്ലാത്ത കല്യാണം ഉറപ്പിച്ച കാമുകിയെ വന്ന് വിളിച്ചിറക്കിക്കൊണ്ടരാൻ ഞാൻ നാട്ടിൽ പോലുമല്ല ഉള്ളത്..  അപ്പൊ നീ തന്നെ മുൻകൈ എടുക്കണം.

- 😥

- സങ്കടമാവാൻ പറഞ്ഞതല്ല.  വിളിച്ചിറക്കി കല്യാണം കഴിക്കാനൊന്നും എനിക്കും താൽപര്യമില്ല, മര്യാദക്ക് ആലോചിച്ച് അറേഞ്ച് മാരേജ് തന്നെയാ താൽപര്യം.  പക്ഷേ ഇപ്പഴത്തെ അവസ്ഥയിൽ എൻ്റെ വീട്ടുകാർ ആലോചനയുമായി വരണമെങ്കിൽ നിലവിലുള്ള ആ ആലോചന ഒഴിവായിപ്പോവണ്ടേ?

- വേണം

- ആ..  അതിനാ ഞാൻ പറഞ്ഞത് ഇത് ഒഴിവാക്കാൻ

- ഉംം

- ഇതിലിടപെടാൻ ഒരു നിലക്കും എനിക്ക് പറ്റാത്തോണ്ടല്ലേ നിന്നെത്തന്നെ നിർബന്ധിക്കുന്നത്..?

- ഉംം..  ഞാൻ നാളെ പറയാം

- ശരി

നാളെ ഒരു തീരുമാനം ആവുമെന്ന് കരുതി അന്നത്തെ രാത്രി ഉറങ്ങാൻ ശ്രമിച്ചു..  തിരിഞ്ഞുമറിഞ്ഞ് കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി.  പിറ്റേന്ന് രാവിലെ ഫോൺ എടുത്തുനോക്കി..  മെസേജ് കണ്ടില്ല.  തലേന്നത്തെപ്പോലെ വൈകുന്നേരം വരുമായിരിക്കും എന്ന് കരുതി ഓഫീസിൽ പോയി.  രാത്രി റൂമിലെത്തീട്ടും മെസേജ് ഇല്ല..  കിടക്കാറാവുമ്പഴേക്ക് വരുമായിരിക്കുമെന്ന് കരുതി പണിയൊക്കെ ഒരുക്കി കിടന്നു.  അവളുടെ മെസേജിന് കാത്ത് ഫോണും കയ്യിൽ പിടിച്ച് കിടന്നു.  പക്ഷേ മെസേജ് വന്നില്ല.  കല്യാണം അടുക്കാറായതോടെ ഫുൾ ടൈം വീട്ടിൽ ആളും ബഹളവുമായതുകൊണ്ട് ഇതുവരെ മര്യാദക്ക് ഫോണിൽ സംസാരിക്കാൻ പോലും പറ്റിയിട്ടില്ല.  അവളുടെ ശബ്ദം ഒന്ന് നന്നായി കേട്ടിട്ടുള്ളത് വോയ്സ് മേസേജിൽ മാത്രമായിരുന്നു.  എന്തായിട്ടുണ്ടാവുമെന്നും, ഇനിയെന്ത് ചെയ്യുമെന്നും, അങ്ങനെ ഓരോന്നാലോചിച്ച് കിടന്ന് അന്നും എപ്പോഴോ ഉറങ്ങിപ്പോയി..

 

പിറ്റേന്ന് വെള്ളിയാഴ്ച്ച, ഗൾഫിലെ ഞായറാഴ്ച്ച..  ബെഡ് ജനലിനരികെ ആയതുകൊണ്ട്, വെയിലടിച്ച് ചൂടായ അലൂമിനിയം ഫ്രെയിമിൻ്റെ ചൂട് ദേഹത്ത് അറിഞ്ഞപ്പോഴാണ് ഉണർന്നത്.  ഉണർന്ന പാടെ മെസേജുണ്ടോന്നറിയാൻ ഫോണെടുത്ത് നോക്കി, പ്രതീക്ഷകളെല്ലാം അസ്ഥാനത്തായിരുന്നു.  ഒരുപാട് അനുഭവങ്ങളിലൂടെ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാൻ ഒരുവിധമൊക്കെ പഠിച്ചിരുന്നതുകൊണ്ടും, ചെറുതായി പോസിറ്റീവ് ചിന്താഗതി ഉള്ളതുകൊണ്ടും വെറുതെയുള്ള ടെൻഷനടിയൊന്നും ഉണ്ടായില്ല.  രണ്ട് കാര്യം മാത്രം ചിന്തിച്ചു, ഒന്നെങ്കിൽ അവളുടെ വീട്ടിൽ സമ്മതിച്ചിട്ടുണ്ടാവില്ല, അതല്ലെങ്കിൽ അവളുടെ ഡാറ്റ കഴിഞ്ഞിട്ടുണ്ടാവും.

 

ഉച്ചഭക്ഷണം കഴിച്ച് വീണ്ടും ഫോണിൽ തോണ്ടിക്കിടന്നു.  വാട്സാപ്പിലും ഫെയ്സ്ബുക്കിലുമായി അങ്കം പുരോഗമിച്ചുകൊണ്ടിരുന്നു.  പക്ഷേ അവളുടെ മെസേജ് മാത്രം ഇല്ലായിരുന്നു.  പതുക്കെ എപ്പോഴോ ഉറങ്ങിപ്പോയി..  വൈകുന്നേരം എഴുനേറ്റ് പുറത്ത് നടക്കാൻ പോയി..  ഭക്ഷണവും കഴിച്ച് റൂമിൽ വന്ന് കിടന്നുറങ്ങി.  മെസേജിന് കാത്തു നിന്നിട്ട് കാര്യമില്ലെന്ന് മനസിലായിട്ടായിരിക്കും, പെട്ടെന്ന് കിടന്നുറങ്ങാനാണ് തോന്നിയത്.

 

പിറ്റേന്ന് രാവിലെയും എഴുന്നേറ്റ ഉടനെ ഫോണെടുത്ത് നോക്കാതെ ഓഫീസിലേക്ക് പോവാനുള്ള പരിപാടി നോക്കി..  ഓഫീസിലിരിക്കുന്നതിനിടയിൽ ഫോൺ നോട്ടിഫിക്കേഷൻസ് ഓടിച്ച് നോക്കുന്നതിൻ്റെ ഇടയിൽ വെറുതേ അവളുടെ മെസേജ് പ്രതീക്ഷിച്ചു..  പക്ഷേ ഇല്ലായിരുന്നു.. അങ്ങനെ തന്നെ പോക്കറ്റിൽ വച്ച് ജോലി തുടർന്നു..  പിന്നീടങ്ങോട്ട് പ്രതീക്ഷ തീരെ ഇല്ലാതായി..

 

ദിവസങ്ങൾ മുന്നോട്ട് പോയി..  ഒരു ദിവസം ഫെയ്സ്ബുക്ക് ഉരുട്ടുന്നതിനിടയിൽ എപ്പോഴോ അവളുടെ പ്രൊഫൈലിൽ കയറി നോക്കാൻ തോന്നി..  പക്ഷേ പ്രൊഫൈൽ ഡീആക്ടിവേറ്റഡായിരുന്നു.  കല്യാണം ഉറപ്പിച്ചൊരു പെണ്ണിനെ മൊബൈലിൽ വിളിച്ചാലുള്ള പ്രത്യാഘാതത്തെ ഓർത്ത് വിളിക്കാൻ ശ്രമിച്ചില്ല.  വാട്സാപ്പിൽ മെസേജയച്ചാൽ ഒരുപാട് സമയം കഴിഞ്ഞ് ഡെലിവർ ആവും. പക്ഷേ വീണ്ടും മണിക്കൂറുകൾ കഴിഞ്ഞേ റീഡാവുകയുള്ളൂ.  എപ്പോഴും ഫോണിൽ കളിച്ചിരിക്കാതിരിക്കാൻ നെറ്റ് ഓഫാക്കി ഇടുന്നതുകൊണ്ടായിരിക്കും ഡെലിവറാവാൻ വൈകുന്നതെന്ന് വെറുതെ ഞാൻ സമാധാനിച്ചു.  പക്ഷേ, ഡെലിവറാവുന്ന സമയത്ത് മെസേജ് നോട്ടിഫിക്കേഷൻ കിട്ടില്ലേ, അപ്പൊ തൻ്റെ മെസേജ് മനഃപൂർവം ഒഴിവാക്കുന്നതാണോ..  ചിന്തകൾ പലവഴിക്ക് പോയി..

 

അങ്ങനെയിരിക്കെ ഒരു ദിവസം ഓഫീസിലിരിക്കുമ്പോൾ നോട്ടിഫിക്കേഷനിൽ അവളുടെ മെസേജ്.. ഫോട്ടോസ് ആണ്..  എന്താണെന്നറിയാൻ ആകാംക്ഷ കൂടി തുറന്ന് നോക്കി..

 

കല്യാണസാരിയൊക്കെ ചുറ്റി ചെറുക്കനൊപ്പം നിക്കുന്ന ഫോട്ടോ..  രണ്ട് ഫോട്ടോസ് അയച്ചിട്ടുണ്ട്.  ഒന്ന് അവളും ഭർത്താവും, രണ്ടാമത്തേത് അവളുടെ കസിനും ഭർത്താവും.

 

അപ്പൊ ഈ പോയ ദിവസങ്ങൾക്കിടയിൽ അവൻ വരുമെന്ന പറഞ്ഞ ദിവസവും കഴിഞ്ഞിരിക്കുന്നു..  അതിൻ്റെ കൂടെ പെണ്ണുകാണലും നിശ്ചയവും കല്യാണവും എല്ലാം..  രണ്ടുപേരുടെയും കല്യാണം ഒരുമിച്ചായിരുന്നെന്ന് മനസിലാക്കി നിർവികാരനായി ഞാൻ ചോദിച്ചു;

- എന്നായിരുന്നു..?

 

മെസേജ് ഡെലിവറായില്ല. ഫോൺ എടുത്തുവച്ച് ജോലി തുടർന്നു. റൂമിലെത്തി കിടക്കാൻ നേരത്ത് നോട്ടിഫിക്കേഷൻ കണ്ടു.  അവൾ റിപ്ലൈ തന്നിരിക്കുന്നു.. ഞാൻ തുറന്നുനോക്കി..;

- ഇന്നലെ. താലികെട്ട് മാത്രം. നാളെ സൽക്കാരം..

 

അതും പറഞ്ഞ് അവൾ ഓഫ്‌ലൈനിൽ പോയി..

 

അപ്പൊ ഇന്നലെ താലികെട്ട് കഴിഞ്ഞിരിക്കുന്നു.  ആദ്യമായി ഇങ്ങോട്ട് വന്ന് തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞ പെൺകുട്ടിയെ തനിക്ക് സ്വന്തമാക്കാൻ പറ്റാതെ പോയിരിക്കുന്നു..  അതും അവൾക്ക് തീരെ താൽപര്യമില്ലാത്ത ഒരു ബന്ധത്തിലേക്ക്.  ചിലപ്പൊ ക്രമേണ ആ ബന്ധം ദൃഢമാവുമായിരിക്കാം..  എന്നാലും നുരുമ്പിച്ച പുൽനാമ്പ് പോലെ തനിക്കുണ്ടായിരുന്ന പ്രതീക്ഷയുടെ അവസാനത്തെ തുമ്പും നഷ്ടപ്പെട്ടെന്ന് മനസ്സിലാക്കി, അവളുമായുള്ള ചാറ്റുകളും, അവളുടെ നമ്പറും ഡിലീറ്റ് ചെയ്ത് ഉറങ്ങാൻ കിടന്നു..

 

____________________________________________________________

🖋 June Born Young