"അമ്മായ്യ്യേേേേയ്....."
അങ്ങനെ തന്നെ വിളിച്ചാണ് ഞാനന്ന്
കേറിച്ചെന്നത്..
അഞ്ച് വർഷം മുമ്പായിരുന്നു..
പ്രിന്റെല്ലാം പറിഞ്ഞ്,
സൂക്ഷിച്ചിരുന്ന കവറിൽ ഒട്ടിപ്പിടിച്ച്,
ആകെ കേടായ പത്താം ക്ലാസ് സർട്ടിഫിക്കറ്റ് ഡ്യൂപ്ലിക്കറ്റ്
ചെയ്യുന്നതിന് വേണ്ടി, ഒന്നാംക്ലാസ് മുതൽ
പത്ത് വരെ പഠിച്ചിട്ടുള്ള എല്ലാ സ്കൂളുകളിലെയും അഡ്മിഷൻ നമ്പറും തിയ്യതിയും വാങ്ങാൻ
വേണ്ടി ഞാൻ പഠിച്ച എൽപി സ്കൂളിൽ പോയത്...
രണ്ടാം ക്ലാസ് കഴിഞ്ഞ ശേഷം,
ഇപ്പോൾ താമസിക്കുന്ന തിരുവേഗപ്പുറയിലേക്ക് താമസം
മാറിയത് കാരണം പട്ടാമ്പി പെരുമുടിയൂർ എസ്.എൻ.ജി.എൽ.പി സ്കൂളിലായിരുന്നു ഒന്നും രണ്ടും
ക്ലാസുകളിൽ ഞാൻ പഠിച്ചത്. അവിടെ കഞ്ഞി വെച്ചിരുന്ന
സ്ത്രീയെ ഞങ്ങൾ - വിദ്യാർത്ഥികളും അദ്ധ്യാപകരും – അങ്ങനെയായിരുന്നു വിളിച്ചിരുന്നത്.
സ്കൂളിലെത്തി ഓഫീസ് റൂമിൽ
കയറിയപ്പോൾ മീറ്റിംഗ് ടേബിളെന്ന് തോന്നിപ്പിക്കുന്ന രൂപത്തിൽ മുഖാമുഖം ഇട്ടിരിക്കുന്ന
രണ്ട് ബെഞ്ചുകളിലിരുന്ന് ടീച്ചർമാർ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. രണ്ടാം ക്ലാസിലെ എന്റെ ക്ലാസ് ടീച്ചറായിരുന്ന ശോഭ
ടീച്ചറായിരുന്നു അന്ന് എച്ച്.എം എന്ന് നേരത്തെ അറിയാമായിരുന്നതുകൊണ്ട് ശോഭ ടീച്ചർ ഇല്ലേ
എന്ന് ചോദിച്ചു. അപ്പൊ അവരുടെ ഇടയിൽ തന്നെ
ഇരുന്നിരുന്ന ശോഭ ടീച്ചർ ഒന്ന് നിവർന്ന് തലയുയർത്തി എന്നെ നോക്കിച്ചോദിച്ചു;
"ഉണ്ടല്ലോ, എന്താ കാര്യം?"
കാര്യം പറയുന്നതിന് മുമ്പ്,
ഒരുപാട് കാലങ്ങൾക്ക് ശേഷം കണ്ടുമുട്ടുമ്പോഴത്തെ
എല്ലാവരുടെയും സ്ഥിരം ചോദ്യം, ഞാൻ ടീച്ചറോടും ചോദിച്ചു;
"എന്നെ മനസിലായോ?".
കൂടെയിരുന്ന ടീച്ചർമാരിലൊരാൾ
ചിരിച്ചുകൊണ്ട് എന്നെയും മറ്റു ടീച്ചേഴ്സിനെയും നോക്കി ശോഭ ടീച്ചറോട് പറഞ്ഞു;
"പഴയ സ്റ്റുഡൻ്റ്സ് വല്ലോരുമാവും".
ശോഭ ടീച്ചർ അത് കേട്ട് പുഞ്ചിരിച്ചുകൊണ്ട്
അവരോടും എന്നോടുമായി പറഞ്ഞു;
"സ്റ്റുഡൻ്റാണെന്ന് മനസിലായി,
കാലം ഇത്രയൊക്കെ ആയില്ലേ, മുഖം കിട്ടുന്നില്ല".
അല്ല, അവിടെ എത്തി സ്കൂളിനെയും ടീച്ചറെയും ഒക്കെ കണ്ടപ്പോൾ
രണ്ട് ദശാബ്ദങ്ങളുടെ വ്യത്യാസം എന്റെ മനസ്സിൽ വന്നില്ല എന്നുള്ളതാണ് സത്യം..
എന്തായാലും സസ്പെൻസിടാതെ ടീച്ചറോട്
ഞാൻ ആരാണെന്നും വന്നതെന്തിനാണെന്നും പറഞ്ഞു.
ആവശ്യമറിഞ്ഞപ്പോൾ ടീച്ചർ ഇരുപത് വർഷം മുമ്പുള്ള ഫയലുകൾ സൂക്ഷിച്ച അലമാര തുറന്ന്
അന്നത്തെ ഫയൽ എടുത്ത് ആ വർഷത്തെ അഡ്മിഷൻ ലിസ്റ്റ് നോക്കി എന്റെ അഡ്മിഷൻ നമ്പറും തിയ്യതിയും
പറഞ്ഞുതന്നു. കൂടെ
കൊണ്ടുപോയിരുന്ന അപ്ലിക്കേഷൻ
ഫോമിലെ കോളത്തിൽ ഞാനത് എഴുതിച്ചേർത്തു.
കുശലാന്വേഷണത്തിനിടയിൽ ഇങ്ങനൊരു
നീക്കത്തിന്റെ കാരണം ആരാഞ്ഞ ടീച്ചറോട്, പാസ്പോർട്ട് എടുക്കണമെന്നും, വിദേശത്ത് പോവാൻ പ്ലാനുണ്ടെന്നും
അറിയിച്ചു. അൽപ നേരം അവിടെയിരുന്ന് ടീച്ചറുടെയും,
സ്കൂളിന്റെയും വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞ്,
ഓഫീസിൽ നിന്ന് ഇറങ്ങാനൊരുങ്ങുമ്പോൾ ഞാൻ ചോദിച്ചു;
"ഇപ്പൊ കഞ്ഞി വെക്കുന്നത്
ആരാണ്?"
"അമ്മായി തന്നെ.."
– ടീച്ചർ എന്നെ നോക്കി തലയാട്ടിക്കൊണ്ട് പറഞ്ഞു
"വീട്ടിൽ പോയോ..?" ആകാംക്ഷയോടെ ഞാൻ ചോദിച്ചു..
"അടുക്കളയിലുണ്ട്.."
– പ്രസന്നമായ ചിരിയോടെ ടീച്ചർ പറഞ്ഞു..
അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങി
കയ്യിൽ പിടിച്ചിരുന്ന ഫയൽ ബൈക്കിന്റെ ബാഗിൽ വച്ച് അടുക്കളയിലേക്ക് ചെന്ന് അകത്തേക്ക്
എത്തി നോക്കി.. ആരെയും കാണാത്തതുകൊണ്ട് അടുത്തുള്ള
ക്ലാസിന് പുറത്ത് നിന്നിരുന്ന ഒരു ടീച്ചറോട് അന്വേഷിച്ചു.
"പിന്നിൽ ഉണ്ടാവും"
- ആ ടീച്ചർ പറഞ്ഞു.
ശരിയാണ്. സ്കൂൾ വിടാൻ അൽപ സമയം കൂടിയേ ബാക്കിയുള്ളൂ. ഒരുപാട് പണിയുണ്ടാവും പാത്രങ്ങളും അടുക്കളയും വൃത്തിയാക്കാനും
മറ്റുമായി. അടുക്കളയിൽ കയറി, ആ പഴയ താളത്തിൽ ‘അമ്മായ്യ്യേേേയ്’ എന്നും വിളിച്ച്
മറുവശത്തെ വാതിലിന് നേരെ നടന്നു..
പണ്ടെങ്ങോ കേട്ടിരുന്ന വിളി
ഒരുപാട് കാലങ്ങൾക്ക് ശേഷം കേട്ടതുകൊണ്ടാണോ, അതോ, ശൈലിയും താളവും മാറാതെ
തന്നെ തലമുറകളായി കൈമാറി, അന്ന് മുതൽ ഇന്ന്
വരെയും ആ വിളി തുടർന്നിട്ടുണ്ടോ എന്തോ, അന്നത്തെപ്പോലെ തന്നെ ‘ഓാാ’ – എന്ന് നീട്ടി വിളി കേട്ടു അവർ.. വിളി കേട്ട ശബ്ദം പുറത്തുനിന്നായിരുന്നതുകൊണ്ട്
പിന്നിലെ വാതിലിലൂടെ ഞാൻ പുറത്തിറങ്ങിച്ചെന്നു.
അൽപം മുമ്പ് ഞാൻ ഓഫീസിൽ വച്ച്
എന്റെ ടീച്ചറോട് ചോദിച്ച അതേ ചോദ്യം, ഞാൻ അമ്മായിയോടും ചോദിച്ചു;
"എന്നെ മനസിലായോ?".
അമ്മായിക്കും അതേ അമ്പരപ്പ്.. അമ്മായിയെ കണ്ട സന്തോഷം കൊണ്ടും, ഞാൻ കാരണം അവർക്ക്
വീട്ടിൽ പോവാൻ നേരം വൈകരുതെന്നുള്ളതുകൊണ്ടും കൂടുതൽ സസ്പെൻസ് വെക്കാതെ ഞാൻ ആരാണെന്ന്
പറഞ്ഞു.
വെറുമൊരു പേര് മാത്രം പറഞ്ഞാൽ
മനസ്സിലാവാൻ മാത്രം ഒരു എൽ.പി. സ്കൂൾ വിദ്യാർത്ഥിക്ക് കഴിയില്ലെന്നതുകൊണ്ടും,
ആയിരുന്നെങ്കിൽത്തന്നെ ഞാൻ അന്ന് ഫെയ്മസല്ലായിരുന്നതുകൊണ്ടും,
എന്റെ ഉമ്മയുടെ പേര് പറഞ്ഞാണ് ഓർമിപ്പിച്ചത്. ഉമ്മ എൽ.പി സ്കൂളിന് തൊട്ടടുത്തുള്ള, ‘വല്ല്യേംക്ലാസ്’ എന്ന് അന്ന് ഞങ്ങൾ വിളിച്ചിരുന്ന, ഗവ: ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിലെ യു.പി സ്കൂൾ അദ്ധ്യാപികയായിരുന്നു.
എന്റെ സ്കൂൾ ജീവിതത്തിൽ ഞാൻ
സ്കൂൾ ഉച്ചഭക്ഷണം കഴിച്ചിട്ടേയില്ലായിരുന്നു.
എനിക്കുള്ള ഉച്ചഭക്ഷണം ഉമ്മ കൊണ്ടുവരാറായിരുന്നതുകൊണ്ട്, ഉച്ചക്ക് 'ഓറിയൻ്റലി'ലുള്ള ഉമ്മയുടെ അടുത്ത്
പോയി കഴിക്കാറായിരുന്നു പതിവ്. എന്നിട്ടും
സ്കൂളിൽ നിന്ന് കഞ്ഞി കുടിക്കുന്നവർക്ക് ഉണ്ടായിരുന്നതുപോലെ തന്നെ അമ്മായിയെ എനിക്കും
വലിയ കാര്യമായിരുന്നു.
വിദേശത്ത് ജോലി നോക്കാൻ പാസ്പോർട്ടെടുക്കുന്നതിന്
വേണ്ടി പത്താം ക്ലാസ് സർട്ടിഫിക്കറ്റ് തിരുത്തുന്ന ഫോം പൂരിപ്പിക്കാൻ വന്നതാണെന്ന്
അമ്മായിയോട് ഞാൻ പറഞ്ഞു. വിശേഷങ്ങളും വീട്ടിലെ
കാര്യങ്ങളും അന്വേഷിച്ചും മറ്റുമായി കുറച്ച് നേരം അവിടെ ഇരുന്നു. അപ്പൊ അവിടേക്ക് ഓടിവന്ന കുട്ടിയെ കാണിച്ച് എന്റെ
മകളുടെ കുട്ടിയാണ്, ഇപ്പൊ രണ്ടാം ക്ലാസിലാണ്
എന്നും പറഞ്ഞ് പരിചയപ്പെടുത്തി. സംസാരത്തിനിടെ
ഓരോ അടയാളങ്ങളും മറ്റും പറഞ്ഞ് അന്ന് അവിടെ പഠിച്ചിരുന്ന പലരെയും ഓർത്തെടുത്ത് അവരെക്കുറിച്ച്
അന്വേഷിച്ചു. എന്റെ ക്ലാസിൽ പഠിച്ചവരിൽ,
അന്ന് എനിക്ക് കോൺടാക്ട് ഉണ്ടായിരുന്ന മൂന്നുനാലുപേരെക്കുറിച്ച്
ഞാൻ പറഞ്ഞുകൊടുത്തു.
ഓർമകൾ ചികയാൻ ഒരു തുമ്പ് കിട്ടിയാൽ
മതി.. നമ്മുടെ ചിന്തകൾ പഴയകാലങ്ങളിലേക്ക് ആഴ്ന്നിറങ്ങും. മറന്നുപോയിരുന്നെന്ന് നമ്മൾ വിശ്വസിച്ചിരുന്ന പലതും
അതുവഴി നമുക്ക് ഓർത്തെടുക്കാൻ കഴിയുമെന്ന്
അപ്പോഴെനിക്ക് മനസിലായി..
മരണമില്ലാത്ത ഓർമകൾ..
അൽപനേരത്തെ സംസാരത്തിന് ശേഷം
ഞാൻ ഇറങ്ങാനൊരുങ്ങിയപ്പോൾ മുൻ വാതിൽ വരെ അമ്മായി എന്റെ കൂടെ വന്നു.
അടുക്കളയിൽ കയറാൻ അഴിച്ചുവെച്ച
ചെരിപ്പിടുന്നതിന് വേണ്ടി തിരിഞ്ഞപ്പോൾ, 'വിദേശത്ത് പോയാൽ നാട്ടിൽ വരുമ്പോഴൊക്കെ ഒഴിവുപോലെ വരണം' എന്ന് അമ്മായി അറിയിച്ചു.
ശരിയെന്ന് പറഞ്ഞ് ഇറങ്ങി ഒന്നുകൂടെ തിരിഞ്ഞ് ചിരിച്ച് കാണിച്ചു. ചിരിച്ചുകൊണ്ട് എന്നെത്തന്നെ നോക്കി നിന്ന് കണ്ണ്
തുടച്ചുകൊണ്ട് അമ്മായി പറഞ്ഞു;
"സന്തോഷം..!!"..
ആ കണ്ണ് നിറച്ചത് എന്റെ ഹൃദയം കൂടിയായിരുന്നു..

No comments:
Post a Comment