പ്രവാസിയായി ഒന്നരവര്‍ഷം തികയാറാവുന്ന സമയത്ത് നടന്ന
സംഭവമാണ്.
പെങ്ങളുടെ കല്യാണത്തിന് എമര്‍ജന്‍സിയായി 22 ദിവസത്തേക്ക്
ലീവെടുത്ത് നാട്ടില്‍ പോവുന്ന ദിവസം. സഹപ്രവര്‍ത്തകരോടും ഓഫീസിന്‍റെ അയല്‍വാസികളായ
മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സുഹൃത്തുക്കളോടും മറ്റും യാത്ര പറഞ്ഞ് ഓഫീസ്
അഡ്മിനിസ്ട്രേഷന്‍ അംഗം കൂടിയായ സഹപ്രവര്‍ത്തകന്‍റെ കാറില്‍ എയര്‍പോര്‍ട്ടിലേക്ക്
തിരിച്ചു.
ലഗേജ് തൂക്കലും ബോര്‍ഡിംഗ് പാസ്സ് വാങ്ങലും വലിയ
പ്രശ്നമില്ലാതെ കഴിഞ്ഞ് കൗണ്ടറിലിരിക്കുന്ന കൊണാണ്ടറുടെ ‘ശുഭയാത്ര’യും വാങ്ങി ഹാന്‍ഡ് ബാഗേജ് ചെക്കിംഗ്
കൗണ്ടറിലെത്തി. എയര്‍ ഇന്ത്യ യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജ് ചെക്കിംഗ് ഒരു ആര്‍ത്തിപ്പണ്ടാരം
പട്ടാണിക്കാണെന്നതും ഹാന്‍ഡ് ബാഗേജില്‍ അധികമുള്ള ലഗേജിന് എക്സ്ട്രാ ചാര്‍ജ്ജ്
കൊടുത്ത് കൊണ്ടുപോവുന്നത് നഷ്ടക്കേസായതുകൊണ്ടുതന്നെ മിക്കവരും അവിടെ
ഒഴിവാക്കുമെന്നതുകൊണ്ട് അയാളത് കൈക്കലാക്കുമെന്നതും, പലരും പറഞ്ഞ് കേട്ടറിവുണ്ടായിരുന്നതുകൊണ്ട്
ഞാന്‍ ടെന്‍ഷനായി. കാരണം ഹാന്‍ഡ് ബാഗേജായി ഞാന്‍ കരുതിയിരുന്നത് ലാപ്ടോപ്പ്
ബാഗായിരുന്നു. ബാഗില് ലാപ്ടോപ്പ് വെച്ച് അതിന്റെ മുകളിലും താഴെയുമായി രണ്ടുമൂന്ന് മിഠായിപ്പാക്കറ്റുകള്‍
കുത്തിനിറച്ച് ബാഗിന്‍റെ ഉള്‍വശമാണെന്ന് തോന്നിപ്പിക്കുമാറ് രൂപത്തില്‍ കറുത്ത ബര്‍മൂഡകള്‍
കൊണ്ട് പൊതിഞ്ഞും ഒക്കെയാണ് വെച്ചിരുന്നത്. എങ്ങാനും ഇയാള്‍ അത് തുറക്കാന്‍
പറഞ്ഞാല്‍ പിന്നെ പെട്ട പാടെല്ലാം വെറുതെയാവുമല്ലോ പടച്ചോനെ എന്ന് കരുതി ടെന്‍ഷന്‍
പിന്നെയും കൂടി. അതും പോരാഞ്ഞ് തൊട്ടുമുമ്പിലുണ്ടായിരുന്ന ആളോട് എന്തോ വ്യക്തിവൈരാഗ്യം
തീര്‍ക്കുന്നെന്ന് തോന്നിപ്പിക്കുമാറ് ശൈലിയില്‍: “തീന്‍ സൗ ദിര്‍ഹം ജമാ കര്‍ക്കേ ലേക്കേ ജാഓ.. നഹീ തോ, ഉധര്‍ ഛോഡോ.. (300 ദിര്‍ഹംസ് അടച്ച് കൊണ്ടുപൊയ്ക്കോ, അല്ലെങ്കില്‍ - ഒരു വശത്തേക്ക്
ചൂണ്ടിക്കൊണ്ട് - ദേ അവിടെ ഒഴിവാക്കിക്കോ)” എന്ന്. അയാള്‍
നിസ്സഹായനായി ആര്‍ക്കോ ഫോണ്‍ വിളിച്ചുകൊണ്ട് വശത്തേക്ക് മാറി നിന്നു.
മുട്ടായിപ്പാക്കറ്റ് ഗുദാ ഗവാ എന്ന് മനസില്‍ കരുതി രണ്ടും
കല്‍പ്പിച്ച് ഞാന്‍ വെയ്റ്റ് മെഷീനില്‍ ബാഗ് വെച്ചു. 7 കിലോ മാത്രം ഹാന്‍ഡ് ബാഗേജ്
അനുവദിക്കുന്നിടത്ത് 10½ കിലോയില്‍ കൂടുതല്‍ കണ്ട അയാളെന്നോട് ചോദിച്ചു: “ക്യാഹേ ഇസ്മേ? (ഇതെന്താ ഇതില്‍?)”. ലാപ്ടോപ്പും,
ആക്സസറീസും ആണെന്ന് പറഞ്ഞ എന്നോട് അയാളത് തുറന്ന് കാണിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍
ബാഗ് താഴെവെച്ച് പതുക്കെ സിബ് തുറന്ന് ലാപ്ടോപ്പിന്‍റെ മുകള്‍ഭാഗം
കാണിച്ചുകൊടുത്ത് വേഗം അടച്ച് രക്ഷപ്പെട്ടെന്ന് കരുതി എടുത്ത് പോവാന്‍
ഒരുങ്ങിയപ്പോഴേക്ക് അയാള്‍ എന്നോട് നില്‍ക്കാന്‍ പറഞ്ഞിട്ട് ചോദിച്ചു: “കജൂര്‍ ഹേ? (ഈത്തപ്പഴമുണ്ടോ?)”. ഇല്ലെന്ന് പറഞ്ഞ്
വീണ്ടും പോവാനൊരുങ്ങിയ എന്നോട് വീണ്ടും ശരിക്ക് തുറക്കാന്‍ പറഞ്ഞു. അവസാന നിമിഷം വരെ
പിടിച്ചുനിന്നത് വെറുതെയാവുമോയെന്ന് കരുതി ഞാന്‍ രണ്ടും കല്‍പ്പിച്ച് ബാഗ്
തുറന്നു. മറ്റേ മിഠായിപ്പാക്കറ്റ് പൊതിഞ്ഞ ബര്‍മൂഡകള്‍ സ്ഥാനം മാറാതിരിക്കാന്‍
വളരെ ശ്രദ്ധിച്ചാണ് തുറന്നത്. എന്നിട്ട് ലാപ്ടോപ്പ് കാണിച്ചുകൊടുത്തു. “ഉസ്കാ ഇസ്തരഫ് ക്യാ ഹേ? (അതിന്‍റെ ഇപ്പുറത്ത് എന്താ?)”.
പോയി മോനേ-ന്ന് കരുതിയ അവസ്ഥയില്‍ രക്ഷപ്പെടാനുള്ള അവസാനത്തെ
പിടിവള്ളിയായി വല്ലതുമുണ്ടോന്ന് തപ്പിയപ്പോള്‍ ചാര്‍ജറിന്‍റെ വള്ളി കിട്ടി. അത്
പിടിച്ചുവലിച്ച് പുറത്തെടുത്ത് ചാര്‍ജറാണെന്ന് പറഞ്ഞ് കാണിച്ചുകൊടുത്തു. പിന്നെ ബാഗില്‍
ഒളിച്ചിരിക്കുന്ന മിഠായിപ്പാക്കറ്റുകള്‍ അയാളുടെ കണ്ണില്‍പ്പെടുത്താതെ, ഫോണിന്‍റെ
പവര്‍ബാങ്കും, ടാബും അതിന്‍റെ ചാര്‍ജറും ഒക്കെയായി ഓരോന്നോരോന്നായി പുറത്തെടുത്ത് കാണിച്ചു.
എല്ലാം തിരിച്ചുവെച്ച് ബാഗ് അടയ്ക്കുന്നതിനിടയില്‍ പാസ്പോര്‍ട്ടിനകത്ത്
വെച്ചിരുന്ന ടിക്കറ്റും ബോര്‍ഡിംഗ് പാസ്സും താഴെ വീണു. ബാഗ് വേഗം അടച്ച്
അതെടുക്കാന്‍ കുനിഞ്ഞപ്പോഴേക്ക് പുറകില്‍ ആള് കൂടിയതുകൊണ്ടാണോ എന്തോ, അയാള്‍:
“ഠീക് ഹെ, ജാഓ (ശരി, പൊയ്ക്കോ)” എന്ന് പറഞ്ഞു.. ഇന്നസെന്‍റിന്‍റെ കിട്ടുണ്ണിയേട്ടന്‍ അടിച്ചു മോനേ എന്ന്
പറഞ്ഞപോലെ അവനെ പറ്റിച്ച സന്തോഷത്തില്‍ അയാളുടെ മനസ് മാറുന്നതിനുമുമ്പ് അവിടെന്ന്
സ്ഥലം കാലിയാക്കി ചെക്ക്-ഔട്ടും കഴിഞ്ഞ് വെയ്റ്റിംഗ് ലോഞ്ചില്‍ ചെന്നിരുന്നു.
ഒരു ഗ്ലാസിനപ്പുറം എനിക്ക് പോവാനുള്ള ഫ്ലൈറ്റ് ടേക്കോഫ്
സമയമായ 3:20 ആവാന്‍ കാത്തുകിടക്കുന്നുണ്ടായിരുന്നു.
എനിക്കും, സമയം മറ്റൊന്നല്ലാത്തതുകൊണ്ടുതന്നെ ഒട്ടും വൈകിക്കാതെ എയര്‍പോര്‍ട്ടിലെ
ഫ്രീ വൈഫൈയില്‍ ഫോണ്‍ കണക്ട് ചെയ്ത് ഞാനും കാത്തിരുന്നു.
_______________________________________________________
പ്രവാസത്തിന്‍റെ
കുസൃതിത്തരങ്ങളുമായി...
വെറുപ്പിക്കല്‍
വീണ്ടും പ്രതീക്ഷിക്കാമെന്ന മുന്നറിയിപ്പോടെ..
സ്നേഹപൂര്‍വ്വം,
അബ്ദുല്‍ ഫത്താഹ്..
No comments:
Post a Comment